ചരിത്രമാണ് യുവെയുടെ ഈ കിരീടം, യൂറോപ്പിൽ മറ്റാർക്കും നേടാനാവാത്ത റെക്കോർഡ് സ്വന്തം

- Advertisement -

സാക്ഷാൽ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യൂണൈറ്റഡിനോ, യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡിനോ, ബാഴ്സലോണക്കോ, ജർമ്മൻ പ്രതാപികളായ ബയേണിനോ നേടാനാവാത്ത റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് ഇറ്റലിയൻ വമ്പന്മാരായ യുവന്റസ് ഇന്നലെ അവരുടെ ഇറ്റാലിയൻ കിരീടം ഉറപ്പിച്ചത്. യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ തുടർച്ചയായ 8 തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന അപൂർവ്വ റെക്കോർഡാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ ടീം കുറിച്ചത്.

2011/2012 സീസണിൽ ടുറിനിൽ എത്തിയ സീരി എ കിരീടം പിന്നീട് ആ നഗരം വിട്ട് പോയിട്ടില്ല. അന്റോണിയോ കൊണ്ടേ തുടങ്ങിയ വിപ്ലവം അല്ലെഗ്രി ഏറ്റെടുത്ത് ഭംഗിയായി തുടർന്നപ്പോൾ 2019 ൽ എത്തിയത് എട്ടാം കിരീടം. ഇതിൽ ആദ്യത്തെ മൂന്നെണ്ണം  നേടിയ ശേഷം ട്രാൻസ്ഫർ ഫണ്ട് പോരെന്ന് പറഞ്ഞ് അന്റോണിയോ പടിയിറങ്ങിയപ്പോൾ പലരും സംശയിച്ചതാണ് കിരീടം കൈവിടുമോ എന്ന്. പക്ഷെ, നല്ലൊരു ടീമിനെ വാർത്തെടുത്ത അല്ലെഗ്രി കൂടുതൽ തിളക്കത്തോടെ നേട്ടങ്ങൾ ആവർത്തിക്കുന്നതാണ് ഇറ്റലി കണ്ടത്.

ഫ്രാൻസിൽ 2002 മുതൽ 2008 വരെ തുടർച്ചയായി 7 കിരീടങ്ങൾ നേടിയ ലിയോണിന്റെ റെക്കോർഡാണ് യുവെ ഇന്നലെ മറികടന്നത്. 2013 മുതൽ തുടർച്ചയായി 6 കിരീടങ്ങൾ നേടി വരുന്ന ബയേൺ ആണ് പിന്നിൽ. പക്ഷെ ഇത്തവണ ഡോർട്ട്മുണ്ടിൽ നിന്ന് അവർക്ക് കാര്യമായ വെല്ലുവിളി ഉണ്ട്. 1961-1965 കാലഘട്ടത്തിലും, 1986 മുതൽ 1990 വരെയും 5 കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് ആണ് ഈ നിരയിൽ ഉള്ള മറ്റൊരു ടീം.

Advertisement