ഇറ്റലിയിൽ ചരിത്രം രചിച്ച് അല്ലെഗ്രി, ഇനി സ്ഥാനം വിഖ്യാത പരിശീലകർക്കൊപ്പം

- Advertisement -

ഇറ്റാലിയൻ ഫുട്‌ബോളിൽ ചരിത്രം സൃഷ്ടിച്ച് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. സീരി എ ചരിത്രത്തിൽ തുടർച്ചയായ 5 കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലകൻ എന്ന റെക്കോർഡാണ് അദ്ദേഹം ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ ഫിയോറന്റീനക്ക് എതിരായ 2-1 ന്റെ ജയത്തോടെയാണ് യുവേ കിരീടം ഉറപ്പിച്ചത്. ഇത് തുടർച്ചയായ എട്ടാം തവണയാണ് യുവേ ഇറ്റാലിയൻ ജേതാക്കളാകുന്നത്. ഇതിൽ ആദ്യ മൂന്ന് തവണ അന്റോണിയോ കോണ്ടെ ആയിരുന്നു അവരുടെ പരിശീലകൻ.

പരിശീലകൻ എന്ന നിലയിൽ ഇത് അല്ലെഗ്രിയുടെ ആറാം സീരി എ കിരീടമാണ്. മുൻപ് മിലാനൊപ്പവും അദ്ദേഹം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീരി എ നേടുന്ന രണ്ടാമത്തെ പരിശീലകൻ എന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമായി. 7 കിരീടങ്ങൾ നേടിയ വിഖ്യാത പരിശീലകൻ ട്രപ്പട്ടോണി മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. 5 വീതം കിരീടങ്ങൾ ഉള്ള ഫാബിയോ കപ്പെല്ലോ, മാർസെലോ ലിപ്പി എന്നിവരെയാണ് അല്ലെഗ്രി പിന്നിലാക്കിയത്.

യുവന്റസിന്റെ അടുത്ത അറ്റലാന്റക് എതിരായ ഹോം മത്സരത്തിന് ശേഷം കിരീടം യുവന്റസിന് സമ്മാനിക്കും.

Advertisement