“മിണ്ടാതിരുന്ന് വിഡ്ഢിയായിക്കോളാം” വിവാദ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ഇക്കാർഡി

ഇന്റർ മിലാനിലെ പ്രശ്നങ്ങൾ കൊഴുപ്പിച്ച് ഇക്കാർഡിയുടെ ഇൻസ്റ്റാ ഗ്രാം പോസ്റ്റ്. തനിക്ക് എതിരായ ക്ലബിന്റെയും പരിശീലകന്റെയും ആരോപണങ്ങൾക്ക് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല എന്ന സൂചന നൽകുന്നതായിരുന്നു ഇക്കാർഡിയുടെ പോസ്റ്റ്. “മിണ്ടാതിരുന്ന് വിഡ്ഢിയാകുന്നത് ആണ് സംസാരിച്ച് പ്രശ്നങ്ങൾ തീർക്കുന്നതിനേക്കാൾ നല്ലത്” എന്ന മാർക് ട്വയിൻ ഉദ്ധരണി ആയിരു‌ന്നു ഇൻസ്റ്റാഗ്രാമിൽ ഇക്കാർഡി പോസ്റ്റ് ചെയ്തത്‌

കഴിഞ്ഞ ദിവസം അർജന്റീനിയൻ താരം ഇക്കാർഡിയെ ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇന്റർ മിലാൻ മാറ്റിയിരുന്നു. ഇക്കാർഡിയെ മാറ്റി ഗോൾ കീപ്പർ ഹാൻഡനോവിചിനെ ക്യാപ്റ്റനായി ക്ലബ് നിയമിച്ചതിൽ രോഷാകുലനായ ഇക്കാർഡി ഇന്റർ മിലാനായി കളിക്കില്ല എന്ന് തീരുമാനത്തിലും എത്തിയിരുന്നു. ഇന്നലെ യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്ക് എതിരെ ഇക്കാർഡി ഇല്ലാതെ കളിച്ച ഇന്റർ വിജയിക്കുകയും ചെയ്തിരുന്നു. ഇക്കാർഡിയുടെ കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങളായിരുന്നു ക്ലബ് ക്യാപ്റ്റൻസിൽ ഇക്കാർഡിയിൽ നിന്ന് മാറ്റാനുള്ള തീരുമാനത്തിൽ ക്ലബിനെ എത്തിച്ചത്.

ഇക്കാർഡിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് ക്ലബിന്റെ നല്ലതിനു വേണ്ടി മാത്രമാണ് എന്ന് പരിശീലകൻ സ്പാലെറ്റി പറഞ്ഞിരുന്നു. ഇക്കാർഡി ഇതിനെ മോശമായി എടുത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകളുടെ പ്രതികരണമായാണ് ഇക്കാർഡി ഇൻസ്റ്റയിൽ പോസ്റ്റ് ഇട്ടത്.