സീരി എ ഇന്ന് നടന്ന മത്സരത്തിൽ സാംപ്ഡോറിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തി എസി മിലാൻ. ഇതോടെ നാലാം സ്ഥാനത്തിന് ഒരു പോയിന്റ് മാത്രം അകലെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താനും അവർക്കായി. ഹാട്രിക് നേടിയ ജിറൂഡിന് പുറമെ ലിയവോ, ബ്രഹീം ഡിയാസ് എന്നിവർ മിലാന് വേണ്ടി വല കുലുക്കി. തരംതാഴ്ത്തൽ ഉറപ്പിച്ച സാംപ്ഡോറിയ അവസാന സ്ഥാനത്താണ്.
സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെ ആരംഭിച്ച മിലാന് തന്നെ ആയിരുന്നു മത്സരത്തിൽ മുൻതൂക്കം. റിലെഗെഷൻ ഉറപ്പിച്ച സാംപ്ഡോറിയ അഭിമാന ജയതിനായി പൊരുതി. എന്നാൽ ഏഴാം മിനിറ്റിൽ തന്നെ ലിയവോയിലൂടെ മിലാൻ ലീഡ് എടുത്തു. ഡിയാസിന്റെ പാസ് സ്വീകരിച്ച് കുതിച്ച താരം അനായാസം കീപ്പറെ മറികടക്കുകയായിരുന്നു. ഇരുപതാം മിനിറ്റിൽ സാംപ്ഡോറിയ സമനില നേടി. മിലാൻ താരങ്ങളെ ഒന്നൊന്നായി മറികടന്ന് സനോളി ഇടത് വിങ്ങിലൂടെ നടത്തിയ നീക്കത്തിനൊടുവിൽ പോസ്റ്റിന് മുന്നിൽ നിൽക്കുകയായിരുന്ന ക്വഗ്ലിയാരെല്ല വല കുലുക്കുകയായിരുന്നു. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം മിലാൻ ലീഡ് വീണ്ടെടുത്തു. ലിയവോയുടെ ഷൊർട് കോർണറിൽ നിന്നും ലഭിച്ച പന്ത് ഡിയാസ് ബോക്സിലേക്ക് നൽകിയപ്പോൾ ജിറൂഡിന്റെ ഹെഡറിൽ ആണ് ഗോൾ പിറന്നത്. 26ആം മിനിറ്റിൽ ലിയവോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിൽ എത്തിച്ച് ജിറൂഡ് ടീമിന്റെ ലീഡ് വർധിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്വഗ്ലിയരെല്ലക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ട് അകന്ന് പോയി. അറുപതിമൂന്നാം മിനിറ്റിൽ ബ്രഹിം ഡിയാസിലൂടെ മിലാൻ വീണ്ടും വല കുലുക്കി. ലിയവോയുടെ ബോക്സിലേക്കുള്ള പാസ് ഓടിയെടുത്ത ടോണാലി പന്ത് ഡിയാസിലേക്ക് കൈമാറുകയായിരുന്നു. അഞ്ച് മിനിറ്റിനു ശേഷം ജിറൂഡിന്റെ ഹാട്രിക് ഗോൾ എത്തി. ലിയവോ തന്നെയാണ് ഇത്തവണയും ചരട് വലിച്ചത്. താരത്തിന്റെ ക്രോസിൽ ജിരൂഡിന്റെ ഹെഡർ ശ്രമം പാളിയെങ്കിലും അടുത്ത ശ്രമത്തിൽ പന്ത് വലയിൽ എത്തിക്കാൻ ഫ്രഞ്ച് താരത്തിനായി.