എ സി മിലാൻ ഇതിഹാസ താരവും മിലാനെ കൈവിട്ടു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ആവാത്തതോടെ താൻ ക്ലബിന്റെ പരിശീലക സ്ഥാനം രാജിവെക്കുകയാണെന്ന് മികാൻ പരിശീലകൻ ഗട്ടൂസോ അറിയിച്ചു. ഈ സീസണിൽ വെറും ഒരു പോയന്റിനാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത എ സി മിലാന് നഷ്ടമായത്. ഗട്ടൂസോയ്ക്ക് കീഴിൽ മികച്ച പ്രകടനങ്ങൾ മിലാൻ നടത്തി എങ്കിലും അത് പോര ടീമിന് എന്നത് കൊണ്ടാണ് ക്ലബും ഗട്ടൂസോയും പിരിയുന്നത്.
ഗട്ടൂസോയുടെ കരാറിൽ ഇനിയും ലഭിക്കാനുള്ള വേതനത്തിന്റെ 90 ശതമാനവും വേണ്ടെന്ന് വെച്ചാണ് ഗട്ടൂസോ ക്ലബ് വിടുന്നത്. ഇത്രയും സമ്മർദ്ദം തനിക്ക് താങ്ങാൻ ആവുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഗട്ടൂസോ പറഞ്ഞിരുന്നു. ക്ലബിന്റെ ആരാധകൻ കൂടി ആയതു കൊണ്ടാണ് താൻ സമ്മർദ്ദത്തിൽ ആകുന്നത് എന്നാണ് ഗട്ടൂസോ പറയുന്നത്.
2017 നവംബറിൽ മൊണ്ടെല്ല രാജിവെച്ചപ്പോൾ താൽക്കാലികമായായിരുന്നു ഗട്ടൂസ്സോ എത്തിയത്. പിന്നീട് നല്ല പ്രകടനങ്ങൾ അദ്ദേഹത്തിന് സ്ഥിര കരാർ നൽകി. 82 മത്സരങ്ങളിൽ മിലാനെ പരിശീലിപ്പിച്ച ഗട്ടൂസോ 40 മത്സരങ്ങൾ വിയിക്കുകയും 20 മത്സരങ്ങൾ തോൽക്കുകയും ചെയ്തിട്ടുണ്ട്.