ഇരട്ടഗോളുകളുമായി ജെക്കോ,സീരി എയിൽ അറ്റലാന്റ പോരാട്ടം മറികടന്നു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ അറ്റലാന്റയെ രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് മറികടന്നു ഇന്റർ മിലാൻ. ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ആണ് ഇരുവരും നേടിയത്. 25 മത്തെ മിനിറ്റിൽ സപാറ്റയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട അദമോള ലുക്മാൻ അറ്റലാന്റക്ക് മത്സരത്തിൽ മുൻതൂക്കം നൽകി. എന്നാൽ 36 മത്തെ മിനിറ്റിൽ ഹകന്റെ ക്രോസിൽ നിന്ന് ലൗടാര മാർട്ടിനസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ എഡിൻ ജെക്കോ ഇന്ററിന് സമനില സമ്മാനിച്ചു. സമനിലയിൽ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം മികച്ച തുടക്കം ആണ് ഇന്ററിന് രണ്ടാം പകുതിയിൽ ലഭിച്ചത്.

ഇന്റർ മിലാൻ

56 മത്തെ മിനിറ്റിൽ ജെക്കോ ഇന്ററിന് ആയി വീണ്ടും വലകുലുക്കി. ജെക്കോയുടെ ഷോട്ട് മെഹേലയുടെ കാലിൽ തട്ടി ഗോൾ ആവുക ആയിരുന്നു. 5 മിനിറ്റിനുള്ളിൽ ഇന്റർ മൂന്നാം ഗോളും നേടി. ഇത്തവണ ഹകന്റെ ക്രോസിൽ നിന്നു ലൗടാര മാർട്ടിനസിന്റെ ഹെഡർ തടയാനുള്ള ജോസെ പലോമിനയുടെ ശ്രമം പരാജയപ്പെട്ടു. താരത്തിന്റെ ഹെഡർ സ്വന്തം പോസ്റ്റിൽ പതിച്ചതോടെ സെൽഫ് ഗോളിൽ ഇന്ററിന് മൂന്നാം ഗോൾ. എന്നാൽ തന്റെ സെൽഫ് ഗോളിന് താരം 77 മത്തെ മിനിറ്റിൽ പ്രായശ്ചിത്തം ചെയ്തു. ഗോളിന് തൊട്ടു മുന്നിൽ നിന്നു പലോമിന ഹെഡറിലൂടെ ഗോൾ നേടി അറ്റലാന്റക്ക് പ്രതീക്ഷ നൽകി. തുടർന്നും സമനിലക്ക് ആയി അറ്റലാന്റ പൊരുതിയെങ്കിലും ഇന്റർ പിടിച്ചു നിന്നു. ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അറ്റലാന്റ ആറാം സ്ഥാനത്തേക്ക് വീണു.