അവസാന മിനിറ്റിൽ ജയിച്ചു എ.സി മിലാൻ,ജെഴ്‌സി ഊരി വിജയഗോൾ ആഘോഷിച്ചതിനു ചുവപ്പ് കാർഡ് മേടിച്ചു ജിറൂദ്

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സ്പെസിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.സി മിലാൻ രണ്ടാം സ്ഥാനത്ത് എത്തി. ജയത്തോടെ നാപോളിക്ക് 6 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് അവർ ഇപ്പോൾ. മിലാൻ ആധിപത്യം ആണ് മത്സരത്തിൽ കാണാൻ ആയത്. എന്നാൽ പലപ്പോഴും എതിരാളികൾ അവരെ പരീക്ഷിച്ചു. മത്സരത്തിൽ 21 മത്തെ മിനിറ്റിൽ ഇസ്മയിൽ ബെനാസറിന്റെ ക്രോസ് നെഞ്ചിൽ എടുത്തു മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ മിലാനു മത്സരത്തിൽ മുൻതൂക്കം നൽകി. പൊരുതി കളിച്ച സ്പെസിയ രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടത്തി.

എ.സി മിലാൻ

59 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ പകരക്കാരൻ റെകയുടെ പാസിൽ നിന്നു മിലാനിൽ നിന്നു ലോണിൽ കളിക്കുന്ന ഡാനിയേൽ മാൾഡിനി ഉഗ്രൻ ഷോട്ടിലൂടെ മിലാനെ ഞെട്ടിച്ചു. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും പൊരുതി. ഇടക്ക് മിലാൻ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. 66 മത്തെ മിനിറ്റിൽ ഒറിഗി ഗോൾ നേടിയെങ്കിലും ഗോൾ നേടും മുമ്പ് ടൊണാലി ഫൗൾ ചെയ്തത് ആയി കണ്ടത്തിയ വാർ ഗോൾ അനുവദിച്ചില്ല. തുടർന്ന് ഒറിഗിക്ക് പകരക്കാരനായി ഒളിവർ ജിറൂദ് എത്തി. 83 മത്തെ മിനിറ്റിൽ മഞ്ഞ കാർഡ് ലഭിച്ചു ഫ്രഞ്ച് താരത്തിന്. മത്സരത്തിൽ 89 മത്തെ മിനിറ്റിൽ ടൊണാലിയുടെ ക്രോസിൽ നിന്നു പോസ്റ്റിനു അരികിൽ നിന്നു അതുഗ്രൻ ഇടൻ കാലൻ വോളിയിലൂടെ ജിറൂദ് മിലാനു ജയം സമ്മാനിച്ചു. ഗോൾ നേടിയ ശേഷം ജെഴ്‌സി ഊരി ഗോൾ ആഘോഷിച്ച താരം രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയെങ്കിലും മിലാൻ മത്സരത്തിൽ ജയം നേടുക ആയിരുന്നു.