ലോകകപ്പ് ഇടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗിന് തുടക്കം കുറിച്ച് എസി മിലാൻ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെലെർനിറ്റാനയേയാണ് മിലാൻ കീഴ്ടാക്കിയത്. റാഫേൽ ലിയവോ, ടൊണാലി എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ സെലെർനിറ്റാനക്ക് വേണ്ടി ബൊന്നാസോളിയാണ് വല കുലുക്കയത്. മുപ്പത്തിയാറു പോയിന്റുമായി മിലാൻ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സെലെർനിറ്റാന പതിമൂന്നാം സ്ഥാനത്താണ്.
മെക്സിക്കൻ താരം ഒച്ചോവയുടെ സെലെർനിറ്റാനക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരം ആയിരുന്നു ഇത്. എന്നാൽ കാര്യങ്ങൾ താരത്തിന് എതിരായിരുന്നു. ഒന്നാം പകുതിയിൽ തന്നെ രണ്ടു ഗോളുകൾ വഴങ്ങേണ്ടി വന്നു. എതിർ തട്ടകത്തിൽ മിലാൻ തന്നെ ആദ്യം ലീഡ് നേടി. പത്താം മിനിറ്റിൽ ടൊണാലിയുടെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് ഓടിക്കയറിയ ലിയവോയെ തടയാൻ ഒച്ചോവ ബോക്‌സ് വിട്ടിറങ്ങി വന്നെങ്കിലും കീപ്പറെ മറികടന്ന താരം വളരെ ദുഷകരമായ ഒരു ആംഗിളിൽ നിന്നും പന്ത് വലയിൽ എത്തിച്ചു. അഞ്ച് മിനിറ്റിന് ശേഷം മിലാൻ ലീഡ് ഉയർത്തി. ബ്രഹീം ഡിയാസിന്റെ പാസിൽ നിന്നും ബോക്സിനുള്ളിൽ നിന്നും ടൊണാലിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ മിലാന് ലഭിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജിറൂഡിന്റെ ശ്രമം ഒച്ചോവ രക്ഷിച്ചെടുത്തു. എൺപത്തിമൂന്നാം മിനിറ്റിലാണ് സെലെർനിറ്റാനയുടെ ഗോൾ വന്നത്. ബോക്‌സിനുള്ളിൽ നിന്നുള്ള ബൊന്നാസോളിയുടെ കനത്ത ഇടം കാലൻ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.