ചാമ്പ്യന്മാരായി വന്നു, നാണക്കേടോടെ മടക്കം, കേരളം സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്ത്

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തലകുനിച്ച് മടക്കം. കഴിഞ്ഞ തവണ ബംഗാളി ചെന്ന് കിരീടവും ഉയർത്തി വന്ന കേരളം ഇത്തവണ ഫൈനൽ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്‌. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ സർവീസസിനോട് തോറ്റതോടെയാണ് കേരളത്തിന്റെ വിധി തീരുമാനമായത്. ആദ്യ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ തന്നെ കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങിയിരുന്നു. എന്നിട്ടും ഗ്രൂപ്പിലെ മറ്റു ഫലങ്ങൾ കേരളത്തെ തുണച്ചു.

ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയിൽ പിടിച്ചതോടെ കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രതീക്ഷ സജീവമായിരുന്നു. ഇന്ന് സർവീസസിനെ നേരിടുമ്പോൾ ഒരു 2 ഗോൾ വിജയം മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താൻ. എന്നാൽ അതു ചെയ്യാൻ കേരളത്തിനായില്ല.

എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം സർവീസസിന്റെ കയ്യിൽ നിന്ന് വാങ്ങനുള്ള കളിയേ കേരളം കളിച്ചുള്ളൂ. രണ്ടാം പകുതിയിൽ ആയിരുന്നു സർവീസസിന്റെ വിജയ ഗോൾ പിറന്നത്. ഗോളിന് പിറകെ കേരളത്തിന്റെ അലക്സ് സജി ചുവപ്പ് കണ്ടത് കളിയിൽ കേരളത്തിന് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതെയാക്കി.

ആറു പോയന്റോടെ സർവീസസ് ആണ് കേരളത്തിന്റെ ഗ്രൂപ്പിൽ നിന്ന് ഫൈനൽ റൗണ്ടിൽ കടന്നത്. 5 പോയന്റുമായി തെലുങ്കാന രണ്ടാമതും എത്തി. പോണ്ടിച്ചേരിക്കും കേരളത്തിനും 2 പോയന്റു മാത്രമെ ഉള്ളൂ. വിജയം പോയിട്ട് ഒരു ഗോൾ വരെ കേരളത്തിന് അടിക്കാൻ കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ ദയനീയ പ്രകടനമാണ് കാണിക്കുന്നത്.