റിനോ ആന്റോ, കേരളം അറിയേണ്ട സൂപ്പർ സ്റ്റാർ

- Advertisement -

2010-11 സീസൺ, ഡെംപോ പോയന്റ് നഷ്ടപ്പെടുത്തിയതോടെ ഐ ലീഗ് കിരീട പോരാട്ടം അവസാന റൗണ്ടുകളിൽ സാൽഗോക്കറും ഈസ്റ്റ് ബംഗാളും തമ്മിലായി ചുരുങ്ങുന്നു. ഫത്തോർഡാ സ്റ്റേഡിയത്തിൽ ‘ടൈറ്റിൽ ഡിസൈഡർ’ എന്നു വിളിക്കപ്പെട്ട പോരാട്ടത്തിൽ സാൽഗോക്കറും ഈസ്റ്റ് ബംഗാളും നേർക്കുനേർ. കരീം ബെഞ്ചരീഫയുടെ സാൽഗോക്കർ ആദ്യ പതിനാറു മിനുട്ടിൽ തന്നെ 2 ഗോളിനു പിറകിൽ ആവുന്നു. കിരീടം കൊൽക്കത്തയിലേക്ക് പോകാൻ തുടങ്ങുമ്പോൾ റിനോ ആന്റോ ഉദയം ചെയ്യുന്നു. സാൽഗോക്കറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവിന് തകർപ്പൻ ഒരു ഗോളിലൂടെ റിനോ ആന്റോ എന്ന തൃശ്ശൂരുകാരൻ റൈറ്റ് ബാക്ക് തുടക്കം കുറിക്കുന്നു. ഫെർണാണ്ടസിലൂടെ 79ാം മിനുട്ടിൽ സാൽഗോക്കറിന് സമനില. വിജയത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും കിരീടത്തിലേക്കെത്തില്ലാന്ന് ഉറപ്പുള്ള സാൽഗോക്കറിന് വിജയഗോൾ ഒരുക്കി കൊണ്ട് റിനോ ആന്റോ വീണ്ടും എത്തുന്നു. റിനോയുടെ പാസിൽ നിന്ന് യാകുബു വലകുലുക്കുമ്പോൾ  വർഷങ്ങളായുള്ള സാൽഗോക്കർ കാത്തിരിപ്പിന് വിരാമമായിരുന്നു.

“ഒരിക്കലും മറക്കാൻ കഴിയാത്ത മത്സരമായിരുന്നു അത്. ഒരു ഗോൾ, ഒരു അസിസ്റ്റ്.. അതും ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും കോമ്പറ്റിറ്റീവായ സീസണിലെ കിരീടം തീരുമാനിക്കപ്പെട്ട പോരാട്ടത്തിൽ”

തൃശ്ശൂർ കാളത്തോട് സ്വദേശിയായ റിനോ ആന്റോ എന്ന ടാറ്റ ഫുട്ബോൾ അക്കാദമി പ്രൊഡക്റ്റ് ഇന്ന് അതിലും വലിയ ഒരു മത്സരത്തിന്റെ മുന്നിലാണ് നിൽക്കുന്നത്. ജോഹർ എന്ന നിലവിലെ എ എഫ് സി കപ്പ് ചാമ്പ്യന്മാർക്കെതിരെ ബെംഗളൂരുവിൽ. തൊണ്ണൂറു മിനുട്ടകലെ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ എ എഫ് സി കപ്പ് ഫൈനൽ.

img-20161019-wa0002

മൂന്നു ഐ ലീഗ് കിരീടങ്ങളും മൂന്നു ഫെഡറേഷൻ കപ്പും നേടിയ എത്ര മലയാളി താരങ്ങളുണ്ടെന്ന കണക്കെടുത്താൽ മതി റിനോ ആന്റോയുടെ പകിട്ടറിയാൻ. ഈ എ എഫ് സി കപ്പ് മുഹൂർത്തം വരെയുള്ള റിനോയുടെ ഫുട്ബോൾ യാത്ര ടാറ്റ ഫുട്ബോൾ അക്കാദമിയിലാണ് ആരംഭിക്കുന്നത്. മോഹൻ ബഗാനിൽ സീനിയർ കരിയർ ആരംഭിച്ച റിനോ 2008-09 സീസണിൽ ഫെഡറേഷൻ കപ്പ് ജയിച്ചുകൊണ്ട് തന്റെ ആദ്യ വലിയ നേട്ടത്തിലെത്തി. അവിടെ നിന്നാണ് സാൽഗോക്കറിന്റെ സ്വപ്ന ടീമിലെത്തുന്നത്. 2010-11 സീസണിൽ സാൽഗോക്കർ ഐ ലീഗും ഫെഡറേഷൻ കപ്പും നേടിക്കൊണ്ട് ‘സാൽഗോക്കർ ചരിത്രത്തിലെ’ ആദ്യ ഡബിൾ സ്വന്തമാക്കി. ആ സീസണിൽ ഉടനീളം സാൽഗോക്കറിന്റെ വലതു വിങ്ങിൽ ആക്രമണങ്ങൾ തൊടുത്തും എതിർ ടീമിന്റെ ആക്രമണങ്ങൾ അണച്ചും റിനോ നിറഞ്ഞു നിന്നു.

സാൽഗോക്കറിനപ്പുറം മറക്കാൻ ആഗ്രഹിക്കുന്ന കാലമായിരുന്നു റിനോവിന്. പരിക്ക് കാരണം കേരളത്തിലേക്ക് മടങ്ങിയ താരം ഫുട്ബോൾ ഉപേക്ഷിക്കാൻ വരെ തീരുമാനിക്കേണ്ടി വന്നു.
“പരിക്കും ജീവിതത്തിലെ പ്രശ്നങ്ങളും ഫുട്ബോളിൽ നിന്നു തന്നെ എന്നെ ആ സമയത്ത് അകറ്റുകയായിരുന്നു.  ഫുട്ബോൾ വിടാൻ തന്നെ തീരുമാനിച്ചിരുന്നു. ജീവിക്കാനായി പോസ്റ്റൽ ഡിപാർട്മെന്റിൽ ഒരു ജോലിക്കു ശ്രമിച്ചു. ജോലി ശരിയായി ജോയിൻ ലെറ്റർ വന്നു. ജോലിയായിരുന്നു ആവശ്യവും അത്യാവശ്യവും, എന്നിട്ടും ഒന്നൂടെ ചിന്തിച്ച് ജോലിക്ക് കയറാതെ ഫുട്ബോൾ ഗ്രൗണ്ടിലേക്കു തന്നെ തിരിച്ചു നടന്നു”

img-20161019-wa0005

ഫുട്ബോളിലേക്ക് തിരിച്ചു വന്നത് കുടുംബം അപ്പോഴൊക്കെ നൽകിയ പിന്തുണ കൊണ്ടു മാത്രമാണെന്നു റിനോ പറയുന്നു. കേരളത്തിലായിരുന്നപ്പോൾ റിനോ സെക്കൻഡ് ഡിവിഷൻ ക്ലബുകളായ ക്വാർട്ട്സ് എഫ് സിക്കും ഈഗിൾസിനും വേണ്ടി കുറച്ചു കാലം പന്തു തട്ടി. 2014ൽ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ നിർഭാഗ്യത്തിനു കിരീടം നഷ്ടപ്പെട്ട കേരള സന്തോഷ് ട്രോഫി ടീമിലും റിനോ ഉണ്ടായിരുന്നു. വീണ്ടും ദേശീയ ഫുട്ബോളിലേക്കിറങ്ങിയ റിനോയെ സാൽഗോക്കറും മോഹൻ ബഗാനും തിരിച്ചു വിളിച്ചു. മോഹൻ ബഗാനിലെത്തിയെങ്കിലും  നിരാശയായിരുന്നു റിനോയ്ക്ക് ഫലം. ബഗാനിൽ നിന്ന് റിലീസ് വാങ്ങിയ റിനോയെ തേടി അപ്പോഴാണ് ബെംഗളൂരു എഫ്‌ സി എത്തുന്നത്. റിനോയുടെ വാക്കുകളിൽ റിനോയുടെ കരിയറിലെ വഴിത്തിരിവ്.

“പുതിയൊരു ക്ലബ് വരുന്നുണ്ടെന്നും അവിടെ എന്നെ റൈറ്റ് ബാക്കായി വേണമെന്നും അറിഞ്ഞപ്പോൾ ഈ ക്ലബിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഒരു കൂട്ടം യുവതാരങ്ങളായിരുന്നു ഞാൻ ഇവിടെ വന്നപ്പോൾ, പക്ഷെ ആഷ്ലി
വെസ്റ്റ്വൂഡിന്റെ കീഴിൽ ഞങ്ങളൊക്കെ പുതിയ താരങ്ങൾ തന്നെയായി”

“ഇവിടെയുള്ള ട്രെയിനിംഗ് മെത്തേഡുകളും സൗകര്യങ്ങളുമൊക്കെ ഇന്ത്യയിലെ വേറൊരു ക്ലബുകളിലും പറഞ്ഞുപോലും കേൾക്കാത്തത്ര‌ മികച്ചതായിരുന്നു”

ബെംഗളൂരു എഫ്‌ സിയിൽ ആദ്യ സീസണിൽ തന്നെ ഐലീഗ് കിരീടം, രണ്ടാം സീസണിൽ ഫെഡറേഷൻ കപ്പ്, ഇപ്പൊ മൂന്നാം സീസണിൽ കഴിഞ്ഞ സീസണിൽ അവസാനം കൈവിട്ട ഐലീഗ് കിരീടം തിരിച്ചുപിടിച്ചിരിക്കുന്നു. റിനോ ആന്റോവിന് ഈ ബെംഗളൂരു എഫ്‌ സി ക്ലബ് ഒരു വികാരം തന്നെയായി മാറുകയാണ്.

“ഈ ക്ലബിന്റെ ചുറ്റുപാടുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ നേട്ടം. യൂറോപ്പൻ ക്ലബുകളിൽ കണ്ടു വരുന്നതു പോലെ ഓരോ കളിക്കാരനും ചാന്റ്സ് പാടുന്ന ആരാധകർ, ഇന്ത്യയിൽ ഇതുവരെ വേറൊരു ക്ലബിനും ഇല്ലാതിരുന്ന ‘ട്രാവലിംഗ് ഫാൻസ്’…”

img-20161019-wa0004

സി കെ വിനീതാണ് റിനോയെ കൂടാതെ ബെംഗളൂരു എഫ്‌ സിയിലെ ഏക മലയാളി താരം. വിനീതിനേയും സുനിൽ ചേത്രിയേയും പോലെയുള്ള ഫോർവേഡ് താരങ്ങൾക്ക് കിട്ടുന്ന ശ്രദ്ധ ഡിഫൻസിലെ താരങ്ങൾക്ക് കിട്ടാത്തതിൽ വിഷമം ഉണ്ടാകാറുണ്ടാകാറുണ്ടോ എന്നുള്ള ചോദ്യത്തിന് റിനോ ചിരിച്ചു കൊണ്ടാണ് മറുപടി തന്നത്.

“ഇതിൽ വിഷമമൊന്നും ഇല്ല. അത് ഇന്ത്യയിൽ സ്വാഭാവികമാണ്. എത്രയോ മികച്ച സെന്റർ ബാക്ക്സ് ഉണ്ടായ നമ്മുടെ‌ നാട്ടിൽ വളരെ കുറച്ചു സെന്റർ ബാക്ക്സ് മാത്രമല്ലേ ഇപ്പോ ഓർമ്മയിലുള്ളൂ.”

കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സീനിയർ ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയ റിനോ ഇന്ത്യയുടെ അണ്ടർ 19, അണ്ടർ 23 ടീമുകളിലും കളിച്ചിരുന്നു. ജോഹറിനെതിരെ ഇന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് റിനോ ഇറങ്ങുന്നത്.

“ജോഹറിനെതിരെ രണ്ടു കാര്യങ്ങളാണ് ആത്മവിശ്വാസം നൽകുന്നത്. ഒന്ന്, ജോഹറിനെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ചത്, രണ്ട്, ഇന്ന് ഗ്യാലറിയിൽ ഓരോ സ്റ്റാൻഡും നിറയ്ക്കാൻ പോകുന്ന ആരാധകർ..”

അഞ്ചാം തീയതി എ എഫ് സി കപ്പും നേടി തിരിച്ചു വന്ന് കേരളാ ബ്ലാസ്റ്റേഴ്സിനേയും കിരീടത്തിലേക്കു നയിക്കണമെന്ന് ആത്മവിശ്വാസം ഒട്ടും ചോരാതെ പറഞ്ഞു വലിയ മത്സരത്തിലേക്കു നടക്കുകയാണ് റിനോ.

Advertisement