സുബ്രതോ മുഖർജി സെമിഫൈനലിൽ ആന്ത്രോത്ത് അമിനിക്കെതിരെ കവരത്തിക്ക് എതിരാളികൾ കട്മത്ത്

- Advertisement -

കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ ലക്ഷദ്വീപ് സുബ്രതോ മുഖർജി സെമിഫൈനൽ ചിത്രം തെളിഞ്ഞു. വലിയകര ഗ്രൂപ്പിൽ ഒന്നാമത് എത്തിയ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂൾ ചെറിയകര ഗ്രൂപ്പിൽ രണ്ടാമത് എത്തിയ അമിനി ശഹീദ് ജവാൻ മുത്ത്‌കോയ ഹയർസെക്കൻഡറി സ്‌കൂളിനെ നേരിടുമ്പോൾ ചെറിയകര ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ കവരത്തി ഹയർസെക്കൻഡറി സ്‌കൂൾ വലിയകര ഗ്രൂപ്പിൽ രണ്ടാമത് എത്തിയ കട്മത്ത് ജെ.എൻ.എസ്.എസ് സ്‌കൂളിനെ നേരിടും. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൽപ്പേനിയെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് കവരത്തി തകർത്തത്. കവരത്തിക്കായി മുഹമ്മദ് സുഹൈൽ ഹാട്രിക് നേടി. ഇതോടെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ 6 ഗോളുകളുമായി രണ്ടാമത് എത്തി സുഹൈൽ.

ആദ്യപകുതിയിൽ 21 മത്തെ മിനിറ്റിൽ അബ്ദുൽ അമീർ ഖാനിലൂടെ മുന്നിലെത്തിയ കവരത്തിക്കായി 26, 36, 40 മിനിറ്റുകളിൽ സുഹൈൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ ഇർഷാദ് ഖാൻ ആണ് കവരത്തിയുടെ സ്കോറിങ് പൂർത്തിയാക്കിയത്. ഗ്രൂപ്പിൽ കളിച്ച 3 കളികളും ജയിച്ച കവരത്തിക്ക് തന്നെയാണ് രണ്ടാം സെമിഫൈനലിൽ കട്മത്തിന് എതിരെ മുൻതൂക്കം. നാളെ രാവിലെ 8.30 തിനാണ് ഈ മത്സരം നടക്കുക. വലിയകര ഗ്രൂപ്പിൽ തങ്ങളുടെ സെമിഫൈനൽ ഉറപ്പിക്കാനാണ് കട്മത്ത് ഇന്ന് ചെത്ത്‌ലത്തിനെതിരെ ഇറങ്ങിയത്. ഒരു സമനില സെമിഫൈനൽ നൽകുമായിരുന്ന അവർ 2-1 നാണ് ജയം കണ്ടത്. കട്മത്തിനായി മുഹമ്മദ് റൈസാൽ യു.സി ആദ്യമിനിറ്റിൽ തന്നെ വലകുലുക്കി. ഇതോടെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ സുഹൈലിന് ഒപ്പം രണ്ടാം സ്ഥാനത്തേക്കു എത്തി റൈസാൽ.

7 ഗോളുകളുമായി അമിനിയുടെ സഫിയുള്ള കെ.സി തന്നെയാണ് ഗോൾ വേട്ടയിൽ ഇപ്പോഴും മുന്നിൽ. മത്സരത്തിൽ രണ്ടാം പകുതിയിൽ 58 മിനിറ്റിൽ കട്മത്തിനായി സഹീർ ഖാൻ എ. സി ലീഡയർത്തിയപ്പോൾ 71 മിനിറ്റിൽ മുഹമ്മദ് സൈഫുദ്ദീനാണ് ചെത്ത്ലത്തിന്റെ ആശ്വാസഗോൾ കണ്ടത്തിയത്. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ മുഹമ്മദ് ജലാലുദ്ദീന്റെ ഏകഗോളിനു കിൽത്താൻ അഗത്തിക്കെതിരെ തങ്ങളുടെ ആദ്യ ജയം കുറിച്ചു. ഇതോടെ വലിയകര ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കട്മത്ത് സെമിഫൈനലിൽ പ്രവേശിച്ചു. നാളെ രാവിലെ 6.30 തിന് നടക്കുന്ന ആദ്യസെമിയിൽ കവരത്തിക്കെതിരെ തങ്ങളുടെ സകലകഴിവും എടുത്ത് പോരാടാൻ ആവും കട്മത്ത് ശ്രമിക്കുക. സെമിഫൈനലുകൾക്ക് ശേഷം നാളെ വൈകുന്നേരം തന്നെയാണ് സുബ്രതോയിലെ വിജയിയെ കണ്ടത്താനുള്ള ഫൈനൽ മത്സരവും നടക്കുക.

Advertisement