ഗോൾ മഴ പെയ്തു കെ ലീഗ്, 2 മത്സരത്തിൽ നിന്നു പിറന്നത് 18 ഗോളുകൾ

- Advertisement -

അക്ഷരാർത്ഥത്തിൽ ഗോൾ മഴക്ക് തന്നെയാണ് കവരത്തി ഇന്ന് സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 1-1 സമനില വഴങ്ങിയ ലീഗിലെ കരുത്തരായ UCC യും അഷ്ഹദുവും ഇന്ന് മുന്നിൽ വന്ന ദുർബലരായ എതിരാളികളെ തകർത്തു വിടുകയായിരുന്നു. ആദ്യ മത്സരത്തിൽ കൈസിനോട് 7 ത്തിനു തോറ്റ GSSS നെതിരെ അഷ്ഹദു ഇന്നടിച്ചത് 10 ഗോളുകൾ. സന്തോഷ് ട്രോഫി യോഗ്യത മത്സരം കളിച്ച താരങ്ങൾ അടക്കം നിറഞ്ഞ അഷ്ഹദുവിനായി കളിയിലെ കേമനായ ലക്ഷദ്വീപ് സന്തോഷ് ട്രോഫി താരം ഹാഷിം 4 ഗോളുകൾ നേടിയപ്പോൾ മറ്റൊരു സന്തോഷ് ട്രോഫി താരം സവാദും കേരളത്തിൽ നിന്നുള്ള ശരത്തും 2 ഗോൾ വീതം നേടി. ഇമ്രാന്റെതും റഷീദിന്റെയും വകയായിരുന്നു മറ്റ് രണ്ട് ഗോളുകൾ. മുഹമ്മദ് സുഹൈൽ ആണ് GSSS നു ആശ്വാസമായ ഗോൾ നേടിയത്.

ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ UCC എതിരില്ലാത്ത 7 ഗോളുകൾക്കാണ് ഹെവൻസ്‌ ട്രീറ്റിനെ തകർത്തത്. ഒരു പെനാൽട്ടി ഉൾപ്പെടെ ഹാട്രിക് നേടിയ അബൂ ഷാബിന്റെ മികവാണ് മത്സരത്തിൽ നിലവിലെ ജേതാക്കൾക്ക് ജയം ഒരുക്കിയത്. 2 ഗോളുകൾ നേടിയ ജാബിറും തിളങ്ങിയപ്പോൾ ലക്ഷദ്വീപ് സന്തോഷ് ട്രോഫി താരം മുസാഫിർ, നസറുള്ള എന്നിവരാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. അബൂ ഷാബിൻ തന്നെയാണ് മത്സരത്തിലെ താരം. നാളത്തെ ആദ്യ മത്സരത്തിൽ കൈസ് വി.സി.സിയെ നേരിടുമ്പോൾ നാളത്തെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് തകർന്നടിഞ്ഞ ഹെവൻസ്‌ ട്രീറ്റും GSSS ഉം മുഖാമുഖം വരും.

Advertisement