ഇഞ്ചുറി ടൈമിലെ ഗോളിൽ ചെൽസിയെ തോൽപ്പിച്ച് വോൾവ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വോൾവ്‌സിന്റെ ജയം. ചെൽസിയുടെ തുടർച്ചയായ രണ്ടമത്തെ പരാജയം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം എവെർട്ടണും ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ജയിച്ചാൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരമാണ് ചെൽസി ഇന്ന് നഷ്ടപ്പെടുത്തിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ജിറൂദിന്റെ ഗോളിലൂടെ ചെൽസിയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ വോൾവ്സ് പോഡെൻസിലൂടെ സമനില പിടിക്കുകയായിരുന്നു. തുടർന്ന് വോൾവ്‌സിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും ‘വാർ’ വോൾവ്‌സിന് പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇഞ്ചുറി ടൈമിലാണ് നെറ്റോ ചെൽസിയുടെ വലയിൽ വിജയ് ഗോൾ അടിച്ചു കയറ്റിയത്. ജയത്തോടെ വോൾവ്സ് പ്രീമിയർ ലീഗിൽ ഒൻപതാം സ്ഥാനത്തെത്തി.