വീണ്ടും സ്വന്തം ടീമിലെ ഇന്ത്യൻ താരങ്ങളെ കുറ്റം പറഞ്ഞ് ഫൗളർ

ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ റോബി ഫൗളർ വീണ്ടും തന്റെ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഇന്ത്യൻ താരങ്ങളുടെ മേൽ ചാർത്തിയിരിക്കുകയാണ്. തനിക്ക് വേണ്ടി ഈസ്റ്റ് ബംഗാൾ ഒരുക്കിയ ടീം ഐ എസ് എൽ നിലവാരത്തിൽ അല്ലാ എന്നാണ് ഫൗളർ പറയുന്നത്. തനിക്ക് ലഭിച്ച ഇന്ത്യൻ താരങ്ങൾ ഐ ലീഗിൽ കളിക്കേണ്ടവർ ആണെന്ന് അദ്ദേഹം പറയുന്നു. ഈസ്റ്റ് ബംഗാൾ ടീം ഒരുക്കിയത് ഐ ലീഗിൽ കളിക്കാൻ വേണ്ടി ആയിരുന്നു. പെട്ടെന്ന് ഐ എസ് എല്ലിൽ എത്തിയപ്പോൾ ആ ഐലീഗ് ടീമിനെ വെച്ച് കളിക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ എസ് എല്ലിൽ കളിക്കാനുള്ള നിലവാരം തന്റെ താരങ്ങൾക്ക് ഇല്ല എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്. എന്നാൽ ഈസ്റ്റ് ബംഗാൾ സ്ക്വാഡിലെ ഇന്ത്യൻ താരങ്ങളിൽ 17 പേർ മുമ്പ് തന്നെ ഐ എസ് എൽ കളിച്ചിട്ടുള്ളതും അവിടെ കഴിവു തെളിയിച്ചിട്ടുള്ളവരുമാണ്. എല്ലാ ഐ എസ് എൽ ടീമുകളുടെയും ഇന്ത്യൻ താരങ്ങളിൽ ഭൂർഭാഗവും ഐ ലീഗിൽ നിന്ന് വന്നവരുമാണ്. എന്നാൽ അതൊന്നും ഫൗളർ മനസ്സിലാക്കുന്നില്ല. നേരത്തെ ഇന്ത്യൻ താരങ്ങൾക്ക് ജീവിതത്തിൽ ഇതുവരെ പരിശീലനം കിട്ടിയിട്ടില്ല എന്നുൻ ഫൗളർ വിമർശിച്ചരുന്നു. ലീഗ് തുടങ്ങി ഇത്ര കാലമായിട്ടും ഒരു വിജയം പോലും സ്വന്തമാക്കാൻ കഴിയാത്ത ഫൗളർ ഇപ്പോൾ ക്ലബിൽ വലിയ സമ്മർദ്ദത്തിലാണ് ഉള്ളത്.