വോൾവ്സിന്റെ വെടിയേറ്റു വീണ് ഗണ്ണേഴ്സ്, ചാമ്പ്യൻസ് ലീഗ് യോഗ്യത അകലുന്നു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് ഫോർ യുദ്ധത്തിൽ വീണ്ടും ആഴ്സണലിന് തിരിച്ചടി. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോറ്റ ആഴ്സണൽ ഇന്ന് വീണത് വോൾവ്സിന്റെ മുന്നിൽ ആയിരുന്നു. വമ്പൻ ടീമുകളെ തകർത്തു വിടുന്ന ശീലമുള്ള വോൾവ്സ് ഇന്നും ഇത് ആവർത്തിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വോൾവ്സിന്റെ വിജയം.

ഒന്നാം പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് വോൾവ്സ് ആഴ്സണലിന്റെ വലയിൽ എത്തിച്ചത്. കളിയുടെ 28ആം മിനുട്ടിൽ റൂബെൻ നവെസിന്റെ ഫ്രീകിക്കിലായിരുന്നു വോൾവ്സിന്റെ ആദ്യ ഗോൾ. ലോംഗ് റേഞ്ചറുകളിലും ഗംഭീര സ്ട്രൈക്കുകളിലും പേരു കേട്ട നെവസ് അത് വീണ്ടും ആവർത്തിക്കുകയായിരുന്നു. പത്ത് മിനുട്ടിനിടയിൽ വീണ്ടും വോൾവ്സ് വലകുലുക്കി. ഒരു സെറ്റ് പ്ലേയിൽ നിന്ന് ഡൊ ഹെർടി ആയിരുന്നു വോൾവ്സിന്റെ രണ്ടാം ഗോൾ നേടിയത്.

ആദ്യ പകുതി വിസിൽ വരുന്നതിന് തൊട്ട് മുമ്പായി ജോടയിലൂടെ വോൾവ്സ് തങ്ങളുടെ മൂന്നാം ഗോളും നേടി. ആഴ്സണൽ മധ്യനിരയുടെ പിഴവ് മുതലാക്കിയായിരുന്നു ജോടയുടെ ഗോൾ വന്നത്. രണ്ടാം പകുതിയിൽ ആഴ്സണൽ ആഞ്ഞു ശ്രമിച്ചു എങ്കിലും ഒരു ഗോൾ മാത്രമെ ആഴ്സണലിന് മടക്കാൻ ആയുള്ളൂ. ഈ തോൽവിയോടെ ആഴ്സണലിന്റെ ടോപ് 4 പ്രതീക്ഷ മങ്ങി. 35 മത്സരങ്ങളിൽ 66 പോയന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് ആഴ്സണൽ. ഇനി മൂന്ന് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.

Advertisement