വില്ലോക്കിന്റെ ബുള്ളറ്റ് ഗോളിൽ ചെൽസിയും വീണു, ന്യൂകാസ്റ്റിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു. ഇന്ന് ചെൽസിയെ തങ്ങളുടെ സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ തോൽപ്പിച്ചത്. ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം ചെൽസി എട്ടാം സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ ഉടനീളം ന്യൂകാസ്റ്റിൽ ആധിപത്യം ആണ് കാണാൻ ആയത്. പലപ്പോഴും സൃഷ്ടിച്ച അപകടകരമായ നീക്കങ്ങൾ ഗോൾ ആക്കി മാറ്റാൻ എന്നാൽ അവർക്ക് ആയില്ല. ഇടക്ക് കോണോർ ഗല്ലഗർ ഉതിർത്ത ഉഗ്രൻ ഷോട്ട് മികച്ച രീതിയിൽ രക്ഷിച്ച നിക് പോപ് ചെൽസിയെ തടഞ്ഞു.

ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇതിനു തൊട്ടു പിന്നാലെ ന്യൂകാസ്റ്റിൽ ചെൽസി വല കുലുക്കി. അൽമിറോണിന്റെ മികച്ച നീക്കം തടയാൻ കൊലിബാലി ബുദ്ധിമുട്ടിയപ്പോൾ മുന്നിൽ കിട്ടിയ പന്ത് ആദ്യം തന്നെ ഉഗ്രൻ ബുള്ളറ്റ് ഷോട്ടിലൂടെ ജോ വില്ലോക്ക് ചെൽസി വലയിൽ എത്തിയില്ല. മുൻ ആഴ്‌സണൽ താരത്തിന്റെ ഉഗ്രൻ ഷോട്ടിനു എതിരെ മെന്റിക്ക് ഒന്നും ചെയ്യാൻ ആയില്ല. തുടർന്ന് സമനിലക്ക് ആയി ചെൽസി പൊരുതിയെങ്കിലും ന്യൂകാസ്റ്റിൽ അത് തടഞ്ഞു. മികവ് തുടരുന്ന ന്യൂകാസ്റ്റിൽ ലോകകപ്പിന് മുമ്പ് അതിശക്തമായ നിലയിൽ ആണ് ലീഗ് അവസാനിപ്പിക്കുന്നത്. അതേസമയം വളരെ മോശം രീതിയിൽ ആണ് ലീഗ് ലോകകപ്പിന് മുമ്പ് ചെൽസി അവസാനിപ്പിക്കുന്നത്. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ ചെറിയ ഊന്തലും തള്ളലും ഉണ്ടായതും കാണാൻ ആയി.