പെനാൽട്ടി പുറത്തേക്ക് അടിച്ചു സാഹ,ഗിബ്‌സ്-വൈറ്റിന്റെ ഗോളിൽ പാലസിനെ തോൽപ്പിച്ചു നോട്ടിങ്ഹാം ഫോറസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ മൂന്നാം ജയവുമായി നോട്ടിങ്ഹാം ഫോറസ്റ്റ്. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന അവർ ലീഗിൽ അവസാന സ്ഥാനത്തിൽ നിന്നു 18 സ്ഥാനത്തേക്ക് ഉയർന്നു. മത്സരത്തിൽ പന്ത് കൈവശം വച്ചതിൽ ക്രിസ്റ്റൽ പാലസ് ആയിരുന്നു മുമ്പിൽ എങ്കിലും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ പാലസിന് ആയില്ല. മത്സരത്തിൽ 41 മത്തെ മിനിറ്റിൽ തന്നെ ജോ വോറൽ സാഹയെ വീഴ്ത്തിയതിനു പാലസിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു.

എന്നാൽ പെനാൽട്ടി എടുത്ത സാഹ ഗോളിന് വളരെ അധികം പുറത്തേക്ക് അടിച്ചു കളഞ്ഞു ഈ പെനാൽട്ടി പാഴാക്കി. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഫോറസ്റ്റ് കാത്തിരുന്ന ഗോൾ പിറന്നു. പാലസ് പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത മോർഗൻ ഗിബ്‌സ്-വൈറ്റ് ഗോൾ കണ്ടത്തി. ഗോൾ ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാർ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുക ആയിരുന്നു. പരാജയത്തോടെ പാലസ് ലീഗിൽ 11 സ്ഥാനത്തേക്ക് വീണു. തരം താഴ്ത്തൽ പോരാട്ടത്തിൽ ഫോറസ്റ്റിന് ലഭിക്കുന്ന വലിയ നേട്ടം തന്നെയാണ് ഈ ജയം.