ഫുട്ബോളിലെ വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ചെൽസി താരം വില്യൻ. കഴിഞ്ഞ ദിവസം ടോട്ടൻഹാമും ചെൽസിയും തമ്മിലുള്ള മത്സരത്തിനിടെ ചെൽസി താരം റുഡിഗറിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായിരുന്നു. ടോട്ടൻഹാം ആരാധകരാണ് താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. തുടർന്നാണ് ഈ വിഷയത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് വില്യൻ രംഗത്തെത്തിയത്.
ഈ സംഭവ വികാസങ്ങൾ വളരെ നാണക്കേട് ഉണ്ടാക്കുന്നതും നിരാശപടർത്തുന്നതുമാണെന്ന് വില്യൻ പറഞ്ഞു. എങ്ങനെയാണ് ആരാധകർക്ക് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുകയെന്ന് ചോദിച്ച വില്യൻ ടോട്ടൻഹാമിൽ തന്നെ കറുത്ത വർഗക്കാർ കളിക്കുന്നില്ലേ എന്ന ചോദ്യവും ഉന്നയിച്ചു. ഇത്തരത്തിലുള്ള വംശീയ അധിക്ഷേപത്തിനെതിരെ ഫുട്ബോൾ ഫെഡറേഷൻ കൂടുതൽ നടപടികൾ എടുക്കണമെന്നും വില്യൻ പറഞ്ഞു. ഇതേ മത്സരത്തിനിടെ ടോട്ടൻഹാം താരം സോണിനെ വംശീയമായി അധിക്ഷേപിച്ച ചെൽസി ആരാധകനെ അറസ്റ്റ് ചെയ്തിരുന്നു.