ഇരട്ട ഗോളുമായി ബോവൻ, എവർട്ടണെ കീഴടക്കി വെസ്റ്റ് ഹാം

Picsart 23 01 21 22 40 45 508

റിലഗേഷൻ സോണിൽ ഉള്ള എവർട്ടണ് കാര്യങ്ങൾ കൂടുതൽ വിഷമകരമാക്കി കൊണ്ട് മറ്റൊരു തോൽവി കൂടി. സ്വന്തം തട്ടകത്തിൽ ബോവന്റെ ഇരട്ട ഗോളുകളുടെ മികവിൽ വെസ്‌റ്റ്ഹാം വിജയം കരസ്ഥമാക്കി. നിർണായക വിജയം വെസ്റ്റ്ഹാമിനെ പതിനെട്ട് പോയിന്റുമായി പതിനഞ്ചാം സ്ഥാനത്തേക്ക് എത്തിച്ചു. എവർടൻ അവസാന സ്ഥാനത്ത് തുടരുകയാണ്.

ആദ്യ പകുതിയിൽ ആണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. കാൾവെർട് ലൂയിനെ മുൻ നിർത്തിയാണ് ലാംബാർഡ് എവർടനെ ടീമിനെ അണിനിരത്തിയത്. ആദ്യ നിമിഷങ്ങളിൽ എവർടണ് തന്നെ ആയിരുന്നു മുൻതൂക്കം. ദെമാരി ഗ്രെയിലൂടെയായിരുന്നു എവർട്ടൺ മുന്നേറ്റങ്ങൾ മെനഞ്ഞത്. മുപ്പത്തിനാലാം മിനിറ്റിൽ വെസ്റ്റ്ഹാമിന്റെ ഗോൾ എത്തി. ക്രോസിലൂടെ എത്തിയ ബോൾ കോർട് സുമയിൽ നിന്നും ബോവന്റെ മുന്നിലേക്ക് എത്തിയപ്പോൾ അനായാസം പോസ്റ്റിലേക്ക് എത്തിക്കാൻ താരത്തിനായി. ഓഫ്സൈഡ് മണമുണ്ടായിരുന്നതിനാൽ വാർ ചെക്കിന് ശേഷം ഗോൾ അനുവദിച്ചു.

Picsart 23 01 21 22 40 32 786

ഗോൾ നേടിയതോടെ വെസ്റ്റ്ഹാം കൂടുതൽ ആക്രമണങ്ങൾ നടത്തി. വലത് വിങ്ങിൽ നിന്നും ആന്റണിയോയുടെ ക്രോസിലാണ് ബോവൻ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പ്രതിരോധം ഉറപ്പിക്കാൻ വേണ്ടിയാണ് വെസ്റ്റ്ഹാം ഇറങ്ങിയത്. രണ്ടു ഗോൾ ലീഡിൽ മത്സരം വരുതിയിലാക്കാൻ മോയസ് തന്ത്രമോതിയതോടെ പന്ത് കൂടുതലും എവർടണിന്റെ കൈവശം ആയിരുന്നു. പക്ഷെ കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർക്കായില്ല. കൗണ്ടറിലൂടെ പലപ്പോഴും എതിർ പോസ്റ്റിൽ ഭീതി സൃഷ്ടിക്കാനും വെസ്റ്റ്ഹാമിനായി.

മത്സര വേദിയിൽ എവർടൻ മാനേജ്‌മെന്റിനെതിരെ പ്രതിഷേധ ബാനറുമായാണ് ആരാധകർ എത്തിയിരുന്നത്. തോൽവി ലാംബാർഡിന്റെ സ്ഥാനത്തിനും ഭീഷണിയാവും.