അത്ഭുത ഗോളുമായി പെരേര, വാട്ട്ഫോഡിന് ജയം

- Advertisement -

ഈ സീസണിൽ തങ്ങൾ രണ്ടും കൽപ്പിച്ചാണെന്ന പ്രഖ്യാപനവുമായി വീണ്ടും വാട്ട്ഫോഡിന്റെ ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ ഹഡേഴ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. ജയത്തോടെ 19 പോയിന്റുള്ള അവർ ലീഗിൽ 7 ആം സ്ഥാനത്താണ്.

മത്സരത്തിന്റെ ആദ്യ 20 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ നേടി വാട്ട്ഫോർഡ് മത്സരത്തിലെ നയം വ്യക്തമാക്കിയതാണ്. 10 ആം മിനുട്ടിൽ പെരേര നേടിയ സോളോ ഗോളിലാണ് അവർ ആദ്യ ലീഡ് നേടിയത്. മസിനയിൽ നിന്ന് പന്ത് സ്വീകരിച്ച പെരേരയുടെ ഓട്ടം തടുക്കാൻ ഹഡേഴ്‌സ്ഫീൽഡ് പ്രതിരോധത്തിൽ ഒരാൾക്ക് പോലും സാധിച്ചില്ല. പിന്നീട് 19 ആം മിനുട്ടിൽ കപ്പുവിന്റെ അസിസ്റ്റിൽ ഡലോഫോയു അവരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിയിൽ ഹഡേഴ്‌സ്ഫീൽഡ് ഒപ്പത്തിനൊപ്പം നിന്നെങ്കിലും 80 ആം മിനുട്ടിൽ ഐസക് സക്‌സസ് നേടിയ ഗോളോടെ വാട്ട്ഫോർഡ് അവരുടെ അവസാന പ്രതീക്ഷയും കെടുത്തി. വാട്ട്ഫോർഡ് പ്രതിരോധത്തിൽ 4 പേരുടെയും അസാമാന്യ പ്രകടനവും അവരുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.

Advertisement