പെനാൾട്ടിയടക്കം നിരവധി അവസരങ്ങൾ തുലച്ച് ലെസ്റ്റർ, കഷ്ടിച്ച് മൂന്ന് പോയിന്റ് നേടി ടോട്ടൻഹാം

കിരീട പോരാട്ടത്തിൽ ടോട്ടൻഹാമിനെ നിർത്തുന്ന വിജയം ഇന്ന് വെംബ്ലിയിൽ പൊചടീനോയുടെ ടീം സ്വന്തമാക്കി. ഇന്ന് ലെസ്റ്ററിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം വിജയിച്ചത്. കളിച്ചത് മുഴുവൻ ലെസ്റ്റർ സിറ്റി ആയിരുന്നു എങ്കിലും ജയം ടോട്ടൻഹാം സ്വന്തമാക്കുകയായിരുന്നു. നിരവധി അവസരങ്ങളാണ് ഇന്ന് ലെസ്റ്റർ സിറ്റി നഷ്ടമാക്കിയത്.

തുടക്കത്തിൽ തന്നെ ബാർൻസിലൂടെ മുന്നിൽ എത്താൻ ലെസ്റ്ററിന് അവസരം കിട്ടിയതായിരുന്നു. പക്ഷെ ഫിനിഷിംഗിലെ അപാകത ലെസ്റ്ററിന് വിനയായി. കളിയുടെ ഗതിക്ക് വിപരീതമായി സാഞ്ചേസിലൂടെ ടോട്ടൻഹാം ആണ് മുന്നിൽ എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാട്ടിയിലൂടെ ഗോൾ മടക്കാൻ ഉള്ള അവസരം ലെസ്റ്ററിന് ലഭിച്ചു. പെനാൾട്ടി എടുക്കാൻ വേണ്ടി വാർഡിയെ സബ്ബായി കൊണ്ടു വന്ന തീരുമാനം ലെസ്റ്ററിന് പിഴച്ചു. പെനാൾട്ടി എടുത്ത വാർഡിക്ക് ലക്ഷ്യം കാണാൻ ആയില്ല.

ആ പെനാൽറ്റി നഷ്ടപ്പെടുത്തി മൂന്നു മിനുട്ടിനകം തന്നെ സ്പർസ് തങ്ങളുടെ രണ്ടാം ഗോൾ നേടി. എറിക്സണാണ് ബോക്സിന് പുറത്ത് നിന്ന് സ്പർസിന്റെ രണ്ടാം ഗോൾ നേടിയത്‌. പിന്നീടും നിരവധി അവസരങ്ങൾ ലെസ്റ്റർ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. ബാർൻസ് മാത്രം മൂന്ന് വൺ ഓൺ വൺ അവസരമാണ് ഗോൾ കീപ്പർക്ക് നേരെ അടിച്ച് കളഞ്ഞത്.

കളിയുടെ 76ആം മിനുട്ടിൽ വാർഡിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു എങ്കിലും അതുകൊണ്ട് സ്പർസിനെ പിടിക്കാൻ ലെസ്റ്ററിനായില്ല. കളിയുടെ അവസാന നിമിഷം ഒരു കൗണ്ടറിലൂടെ സോൺ സ്പർസിന്റെ മൂന്നാം ഗോളും നേടി. ഫലം 3-1 എന്നാണെങ്കിലും ഗ്രൗണ്ടിൽ സ്പർസിനെക്കാൾ മികച്ച ഫുട്ബോൾ ആയിരുന്നു ലെസ്റ്റർ കാഴ്ചവെച്ചത്.