ലിവർപൂളിനോട് അഞ്ചു ഗോൾ വാങ്ങി വൻ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. അവരുടെ സെന്റർ ബാക്കായ വരാനെ പരിക്ക് മാറി എത്തിയിരിക്കുകയാണ്. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. സ്പർസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വരാനെ കളിക്കും. വരാനെയുടെ അഭാവത്തിൽ യുണൈറ്റഡ് ഡിഫൻസ് തകർന്നടിഞ്ഞിരുന്നു.
യുവേഫ നാഷൺസ് ലീഗ് ഫൈനലിന് ഇടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. ലെസ്റ്റർ സിറ്റി, അറ്റലാന്റ, ലിവർപൂൾ എന്നീ വലിയ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം വരാനെ ഉണ്ടായിരുന്നില്ല. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിരുന്നു. വരാനെ തിരിച്ച് ആദ്യ ഇലവനിൽ എത്തും എങ്കിലും ലിൻഡെലോഫ് ആകുമോ മഗ്വയർ ആകുമോ ആദ്യ ഇലവനിൽ നിന്ന് പുറത്താകുക എന്നത് വ്യക്തമല്ല. മോശം ഫോമിൽ ഉള്ള മഗ്വയറിനെ ബെഞ്ചിൽ ഇരുത്തണം എന്നാണ് ആരാധകർ പറയുന്നത്.
 
					












