മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അത്ര പ്രിയപ്പെട്ട പരിശീലകൻ അല്ല റാഫാ ബെനിറ്റസ്. ഫെർഗൂസണും റാഫാ ബെനിറ്റസും തമ്മിൽ പണ്ട് ഉണ്ടായിട്ടുള്ള വാക്കുതർക്കങ്ങൾ ഒക്കെ ആരാധകരുടെ മനസ്സിൽ ഇന്നും ഉണ്ടാകും. ആ പഴയ ലിവർപൂൾ പരിശീലകൻ ഇന്ന് മേഴ്സിസൈഡിലെ എവർട്ടണും ഒത്ത് ഓൾഡ്ട്രാഫോർഡിൽ വരികയാണ്. പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ വിജയം മാത്രമാകും യുണൈറ്റഡ് ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ വെച്ച് ആസ്റ്റൺ വില്ലയോട് ഏറ്റ പരാജയം യുണൈറ്റഡിനെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്.
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യറയലിനെ തോൽപ്പിച്ചു എങ്കിലും യുണൈറ്റഡിന്റെ പ്രകടനം അത്ര തൃപ്തി നൽകുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഒരു മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ സംശയങ്ങൾ തീർക്കാൻ ആകും ശ്രമിക്കുക. ഹാരി മഗ്വയർ ഇന്നും പരിക്ക് കാരണം യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. ലൂക് ഷോ പരിക്ക് മാറി എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകില്ല. അങ്ങനെ ആണെങ്കിൽ യുണൈറ്റഡ് വിയ്യറയലിനെതിരെ ഗോൾ നേടിയ ടെല്ലസിനെ തന്നെ ലെഫ്റ്റ് ബാക്ക് ആക്കി ഇറക്കും.
വിയ്യറയലിനെതിരെ സബ്ബായി എത്തി തിളങ്ങിയ കവാനി, ലിംഗാർഡ് എന്നിവരെ ഒലെ ആദ്യ ഇലവനിലേക്ക് പരിഗണിക്കുമോ എന്നത് കണ്ടറിയണം. പരിക്ക് മാറിയ റാഷ്ഫോർഡും ഇന്ന് ബെഞ്ചിൽ ഉണ്ടാകും. എവർട്ടൺ ഈ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. അവർക്കും യുണൈറ്റഡിനൊപ്പം 13 പോയിന്റ് ഉണ്ട്. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം. കളി സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.