രണ്ടടിച്ച് സോൺ, പാലസിനെ കെട്ട്കെട്ടിച്ച് ടോട്ടൻഹാം

പ്രീമിയർ ലീഗിൽ തങ്ങളുടെ കരുത്തുറ്റ പ്രകടനത്തിന്റെ പിൻബലത്തിൽ ക്രിസ്റ്റൽ പാലസിനെ ഗോളിൽ മുക്കി ടോട്ടൻഹാം. ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം തോൽപ്പിച്ചത്. ഈ സീസണിൽ ടോട്ടൻഹാമിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ നേടിയ നാല് ഗോളുകളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്.

ടോട്ടൻഹാമിന് വേണ്ടി സോണാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് വാൻ ആൻഹോൾട്ടിന്റെ സെൽഫ് ഗോളിൽ രണ്ട് ഗോളിന് പിറകിൽ പോയ ക്രിസ്റ്റൽ പാലസ് തൊട്ടടുത്ത നിമിഷം തന്നെ സോണിന്റെ രണ്ടാമത്തെ ഗോളോടെ മൂന്ന് ഗോളിന് പിറകിലായി. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ എറിക് ലാമേലയിലൂടെ ടോട്ടൻഹാം ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു. ആദ്യ പകുതിയിലെ മോശം പ്രകടനമാണ് ക്രിസ്റ്റൽ പാലസിന്റെ വിധി നിർണ്ണയിച്ചത്.