ടിമോറിയുടെ അത്ഭുത ഗോളും അബ്രഹാമിന്റെ ഹാട്രിക്കും, വോൾവ്സ് ഗോൾ വല നിറച്ച് ചെൽസി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാങ്ക് ലംപാർഡിന്റെ യുവ ടീമിന് രക്ഷയായി വീണ്ടും അക്കാദമി താരങ്ങൾ. യുവ താരങ്ങൾ മിന്നും പ്രകടനം നടത്തിയ മത്സരത്തിൽ രണ്ടിന് എതിരെ 5 ഗോളുകൾക്കാണ് ചെൽസി ഈ സീസണിലെ രണ്ടാം ജയം കുറിച്ചത്. സ്‌ട്രൈക്കർ ടാമി അബ്രഹാം ഹാട്രിക് നേടിയപ്പോൾ ഡിഫൻഡർ ഫികയോ ടിമോറി, മേസൻ മൌണ്ട് എന്നുവരാണ് ശേഷിച്ച ഗോൾ നേടിയത്.

കൂടുതൽ പ്രതിരോധ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ലംപാർഡ് ഇന്ന് ടീമിനെ ഇറക്കിയത്. റൂഡിഗർ തിരിച്ചെത്തിയപ്പോൾ കൂടെ ക്രിസ്റ്റിയൻസനും, യുവ താരം ഫികയോ ടിമോറിയും ഇടം നേടി. പരിക്കേറ്റ ഇമേഴ്സന്റെ പകരം ആലോൻസോയും എത്തി. ആദ്യ അര മണിക്കൂർ കളി വിരസമായിരുന്നെങ്കിലും31 ആം മിനുട്ടിൽ പ്രീമിയർ ലീഗിൽ ഈ സീസണിൽ പിറന്ന ഏറ്റവും മനോഹരമായ ഗോളിൽ ഒന്നിൽ ചെൽസി ലീഡ് നേടിയത്. ഫിക്കയോ ടിമോറി ബോക്സിന് പുറത്ത് നിന്ന് നടത്തിയ ഷോട്ടിലൂടെ അവർ സ്കോർ ബോർഡ് തുറന്നു.

ഏറെ വൈകാതെ മിന്നും ഫോമിലുള്ള അബ്രഹാം ബോക്‌സിൽ ലഭിച്ച പന്ത് വലയിലാക്കി നീല പടയുടെ ലീഡ് രണ്ടാക്കി ഉയർത്തി. 41 ആം മിനുട്ടിൽ ആലോൻസോ ഉയർത്തി നൽകിയ പന്തിന് തല വച്ച് അബ്രഹാം തന്റെ രണ്ടാം ഗോളും നേടിയതോടെ ചെൽസി ആദ്യ പകുതിയിൽ തന്നെ മൂന്നിന് മുന്നിലെത്തി.

രണ്ടാം പകുതി തുടങ്ങി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ അബ്രഹാം തന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക് പൂർത്തിയാക്കി. ജോർജിഞ്ഞോയുടെ പാസ്സ് സ്വീകരിച്ച താരം വോൾവ്സ് പ്രതിരോധത്തെ മറികടന്ന് മികച്ച ഷോട്ടിലൂടെ പന്ത് വലയിലാക്കി. പിന്നീടും ജോർജിഞ്ഞോയുടെ പാസ്സ് മൗണ്ടിന് ലഭിച്ചെങ്കിലും താരത്തിന് ഫിനിഷ് ചെയ്യാനായില്ല. 69 ആം മിനുട്ടിൽ കോർണറിൽ നിന്ന് വോൾവ്സ് കാത്തിരുന്ന ആശ്വാസ ഗോൾ എത്തി. സൈസ് ആണ് ഹെഡറിലൂടെ ചെൽസിയുടെ ക്ളീൻ ഷീറ്റ് സ്വപ്നം തകർത്തത്. അബ്രഹാമിന്റെ ശരീരത്തിൽ തട്ടിയാണ് പന്ത് വലയിൽ പതിച്ചത്. 85 ആം മിനുട്ടിൽ പാട്രിക് കുട്രോണെ വോൾവ്സിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും പിന്നീടുള്ള സമയം ചെൽസി പ്രതിരോധം ലീഡ് കാത്തു. ഇഞ്ചുറി ടൈമിൽ ബാത്ശുവായിയുടെ അസിസ്റ്റിൽ നിന്ന് മൌണ്ട് ചെൽസിയുടെ അഞ്ചാം ഗോൾ നേടി.

ഇന്നത്തെ ഹാട്രിക് നേട്ടത്തോടെ 7 ഗോളുകളുമായി പ്രീമിയർ ലീഗ് ടോപ്പ് സ്‌കോറർ പദവിയും തൽക്കാലത്തേക്ക് സ്വന്തമാക്കാൻ അബ്രഹാമിനായി. നിലവിൽ 8 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെൽസി. 3 പോയിന്റ് മാത്രമുള്ള വോൾവ്സ് 18 ആം സ്ഥാനത്തുമാണ്‌.