ടോട്ടനം ഹോട്സ്പർ ക്ലബിന്റെ പ്രധാന ഉടമ ആയ ജോ ലൂയിസിന് എതിരെ ഗുരുതര സാമ്പത്തിക കുറ്റകൃത്യ ആരോപണങ്ങളുടെ പേരിൽ അമേരിക്കയിൽ കേസ്. 86 കാരനായ ബ്രിട്ടീഷ് കോടീശ്വരൻ സ്റ്റോക്ക് മാർക്കറ്റിൽ ഇൻസെയിഡർ ട്രേഡിങ് നടത്തിയെന്നാണ് പ്രധാന ആരോപണം. അദ്ദേഹത്തിന്റെ കാമുകിയും സ്വകാര്യ വിമാന പൈലറ്റുമാരും അദ്ദേഹത്തിൽ നിന്നു ലഭിച്ച വിവരങ്ങൾ കൊണ്ടു ട്രേഡ് ചെയ്തു വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയത് ആയും പറയുന്നു.
എന്നാൽ അദ്ദേഹം കോടതിയിൽ ഈ ആരോപണങ്ങൾ നിഷേധിച്ചു. ടോട്ടനം ഹോട്സ്പറിന്റെ 85.56 ശതമാനവും എനിക് സ്പോർട്സ് ഐ.എൻ.സി യുടെ ഉടമസ്ഥയിൽ ആണ്. ഇതിൽ 70 ശതമാനത്തിന്റെയും ഉടമകൾ ജോ ലൂയിസും കുടുംബവും ആണ്. ബാക്കിയുള്ള 29 ശതമാനം ആണ് ചെയർമാൻ ഡാനിയേൽ ലെവിയുടെയും കുടുംബത്തിന്റെയും കയ്യിൽ ഉള്ളത്.
അതിനാൽ തന്നെ തങ്ങളുടെ പ്രധാന ഉടമക്ക് എതിരായ കേസ് ഇംഗ്ലീഷ് ക്ലബിന് വലിയ തിരിച്ചടിയാണ്. അതേസമയം ഈ അവസരം മുതലെടുത്ത് ഖത്തർ ഗ്രൂപ്പ് ടോട്ടനം മേടിക്കാൻ ശ്രമം നടത്തുന്നത് ആയും റിപ്പോർട്ട് ഉണ്ട്. എന്നാൽ 86 കാരനായ ജോ ലൂയിസിനു നിലവിൽ ക്ലബിന്റെ കാര്യങ്ങളിൽ വലിയ പങ്ക് ഇല്ലെന്നും ഈ കേസ് തങ്ങളെ ബാധിക്കുന്ന കാര്യം ഇല്ലെന്നും ആണെന്നാണ് ടോട്ടനം വൃത്തങ്ങൾ പറയുന്നത്. ഉടമക്ക് എതിരായ കേസ് ടോട്ടനത്തെ വലുതായി ബാധിക്കുമോ എന്നു കണ്ടു തന്നെ അറിയാം.