പ്രീമിയർ ലീഗിലെ ഏറ്റവും രസം കൊല്ലിയായ മത്സരത്തിന് ഒടുവിൽ സ്പർസിനും എവർട്ടനും സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ആന്ദ്രേ ഗോമസിന് ഗുരുതര പരിക്ക് പറ്റിയത് എവർട്ടന് വൻ തിരിച്ചടിയായി. പരിക്കിന് കാരണമായ ഫൗൾ നടത്തിയ സ്പർസ് താരം ഹ്യുങ് മിൻ സോൺ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്.
പ്രീമിയർ ലീഗിലെ ഏറ്റവും മോശം ആദ്യ പകുതിയാണ് ഇന്നത്തെ മത്സരത്തിൽ പിറന്നത്. ഇരു ടീമുകളും കാര്യമായി ഒന്നും ചെയ്യാതെ തന്നെ ആദ്യ പകുതിക്ക് പിരിഞ്ഞു. രണ്ടാം പകുതി പക്ഷെ VAR ഉം ഗോളുകളും നിർഭാഗ്യകരമായ പരിക്കും കാരണം സംഭവ ബഹുലമായിരുന്നു. ഇവോബിയുടെ പിഴവ് മുതലാക്കി ഡെലെ അലിയാണ് സ്പർസിന് ലീഡ് സമ്മാനിച്ചത്. പക്ഷെ ഗോമസിന്റെ കാൽ ഒടിച്ച ഫൗൾ ചെയ്ത സോണിനെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കിയതോടെ സ്പർസ് പത്ത് പേരായി ചുരുങ്ങി. ഏറെ നേരം കളി തടസ്സപ്പെട്ടതോടെ 12 മിനുട്ട് ഇഞ്ചുറി ടൈം ആണ് എവർട്ടന് ലഭിച്ചത്. ഇതിൽ എട്ടാം മിനുട്ടിൽ ഡിനെയുടെ പാസിൽ സെൻക് ടോസുൻ അവരുടെ സമനില ഗോളും നേടി.