ഫോം വീണ്ടെടുക്കാൻ സ്പർസ് ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ വെംബ്ലിയിൽ സ്പർസ് ഇന്ന് കാർഡിഫ് സിറ്റിയെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

പരിക്ക് കാരണം ഏറെ വലയുന്ന ടീമാണ് സ്പർസ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോട് സ്വന്തം മൈതാനത്ത് തോറ്റ അവർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് ജയം അനിവാര്യമാണ്. സ്പർസ് നിരയിൽ എറിക്സൻ, ടെമ്പലെ, ഒറിയേ എന്നിവർ കളിക്കില്ല. പരിക്ക് പറ്റിയ മൂവർക്കൊപ്പം ഏറെ നാളായി പരിക്കുള്ള അലി, വേർത്തൊഗൻ എന്നിവർക്കും കളിക്കാനാവില്ല.

കാർഡിഫ് നിരയിൽ നതാനിയൽ മെന്റസും ലീ പെൽറ്റിയറും കളിക്കില്ല. കാർഡിഫിനെതിരെ അവസാനം കളിച്ച 7 കളികളിൽ 5 ജയവും 2 സമനിലയുമുള്ള സ്പർസിനെ മറികടക്കാൻ നീൽ വാർനോക്കിന്റെ ടീമിന് ഏറെ കഷ്ടപ്പെടേണ്ടി വരും എന്നുറപ്പാണ്.