മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം

- Advertisement -

ഓൾഡ് ട്രാഫോഡിൽ ജോസ് മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം. ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറ്റാരേക്കാളും ആകാംക്ഷ ജോസ് മൗറീഞ്ഞോക്കാവും. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഒരു പക്ഷെ പോർച്ചുഗീസ് പരിശീലകന്റെ ജോലി തന്നെ തെറിച്ചേക്കും.

യുണൈറ്റഡ് അവസാനം കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെയാണ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. ലീഗിലെ ആദ്യ ജയമാകും ബെനീറ്റസിന്റെ ടീം ലക്ഷ്യമിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് പരിക്ക് മാറി ആഷ്ലി യങ് തിരിച്ചെത്തും. ചാമ്പ്യൻസ് ലീഗിൽ മൗറീഞ്ഞോ പുരത്തിരുത്തിയ ജോൻസ്, ഡാലോട്ട് എന്നിവർ പകരക്കാരുടെ ബെഞ്ചിൽ തിരിച്ചെത്തും.

ന്യൂ കാസിലിനെതിരെ കളിച്ച 36 ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് യുണൈറ്റഡ് പരാജയപ്പെട്ടിട്ടുള്ളത്. 2013 ൽ ഡേവിഡ് മോയസ് പരിശീലകനായിരിക്കെയാണ് ആ പരാജയം എത്തിയത്. അത്തരമൊരു നാണക്കേട് ആവർത്തിച്ചാൽ ഓൾഡ് ട്രാഫോഡിൽ മൗറീഞ്ഞോയുടെ ദിനങ്ങൾക്ക് അവസാനമായേക്കും. പോഗ്ബയും സാഞ്ചസും ലുകാകുവും അടക്കമുള്ളവർ ഫോമിലെത്തിയില്ലെങ്കിൽ കാര്യങ്ങൾ എളുപമാവില്ല.

Advertisement