എവർട്ടനെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ലീഗിലെ പുതു മുഖങ്ങളായ ഷെഫീൽഡ് യുണൈറ്റഡ്. പ്രതിരിധത്തിലെ വൻ പിഴവുകളാണ് എവർട്ടന് തോൽവി സമ്മാനിച്ചത്. ജയത്തോടെ 8 പോയിന്റുള്ള ഷെഫീൽഡ് ടേബിളിൽ എട്ടാം സ്ഥാനത്തെത്തി. 7 പോയിന്റുള്ള എവർട്ടൻ പതിനാലാം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ ഗോൾ കീപ്പർ പിക്ഫോഡ് വരുത്തിയ വൻ പിഴയാണ് എവർട്ടനെ ഒരു ഗോളിന് പിന്നിലാക്കിയത്. ഷെഫീൽഡ് ബോക്സിലേക് നൽകിയ ബോൾ ക്ലിയർ ചെയ്യുന്നതിൽ ഇംഗ്ലണ്ട് ഒന്നാം നമ്പർ ഗോളിയായ പിക്ഫോഡിന് പിഴച്ചപ്പോൾ പന്ത് യേരി മിനയുടെ ദേഹത്ത് തട്ടി വലയിൽ പതിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇവോബി, സെൻക് ടോസുൻ എന്നിവരെ ഇറക്കി രക്ഷപ്പെടുത്താൻ മാർക്കോസ് സിൽവ ശ്രമം നടത്തിയെങ്കിലും സമനില ഗോൾ നേടാൻ അവർക്കായില്ല. 79 ആം മിനുട്ടിൽ മൂസെറ്റിന്റെ ഗോളിൽ ഷെഫീൽഡ് ലീഡ് രണ്ടാക്കിയതോടെ എവർട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷകൾ അസ്ഥാനത്തായി.