18 മിനുറ്റിൽ അഞ്ച് ഗോൾ, പ്രീമിയർ ലീഗ് റെക്കോർഡിട്ട് മാഞ്ചസ്റ്റർ സിറ്റി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വാട്ഫോർഡിനെതിരെ എട്ട് ഗോളിന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി നടന്നു കയറിയത് പുതിയ റെക്കോർഡുകളിലേക്ക്. ആദ്യ 18 മിനുറ്റിൽ അഞ്ച് ഗോൾ അടിച്ചുകൂട്ടിയ സിറ്റി പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡാണ് ഇന്ന് സൃഷ്ട്ടിച്ചത്. പ്രീമിയർ ലീഗിൽ ആദ്യമായിട്ടാണ് ആദ്യ പതിനഞ്ച് മിനുട്ടിനുള്ളിൽ 5 ഗോളുകൾ ഒരു ടീം നേടുന്നത്.

സിറ്റിക്ക് വേണ്ടി ആദ്യ മിനുട്ടിൽ തന്നെ ഡേവിഡ് സിൽവ ഗോൾ നേടിയപ്പോൾ ഏഴാം മിനുട്ടിൽ അഗ്വേറൊയും 12ആം മിനുട്ടിൽ റിയാദ് മഹറസും 15ആം മിനിറ്റിൽ ബെർണാർഡോ സിൽവയും 18ആം മിനുട്ടിൽ ഓട്ടമെന്റിയുമാണ് ഗോളുകൾ നേടിയത്.

ഒരു ഗോളിന്റെ വ്യതാസത്തിലാണ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയം എന്ന റെക്കോർഡ് മാഞ്ചസ്റ്റർ സിറ്റിക്ക് നഷ്ടമായത്. 1995ൽ ഐപ്സ്വിചിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ 9-0ന്റെ വിജയമാണ് പ്രീമിയർ ലീഗിൽ നിലവിലെ ഏറ്റവും വലിയ ജയം. പ്രീമിയർ ലീഗ് റെക്കോർഡ് ഒരു ഗോളിന് നഷ്ടമായെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ പ്രീമിയർ ലീഗ് ജയമായിരുന്നു ഇത്.

കഴിഞ്ഞ മത്സരത്തിൽ നോർവിച്ച് സിറ്റിയോട് തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്നത്തെ പ്രകടനം.