തന്റെ പഴയ ക്ലബിനെ നേരിടാൻ ടിം ക്രൂൽ,സീസണിലെ ആദ്യ ജയം തേടി പെല്ലഗ്രിനി

- Advertisement -

പ്രീമിയർ ലീഗിലേക്ക് തിരിച്ച് വന്ന ശേഷമുള്ള ആദ്യമത്സരത്തിനു വേദിയാവാൻ ഒരുങ്ങി നോർവിച്ചിന്റെ വിഖ്യാതമൈതാനമായ കാരോ റോഡ്. കാരോ റോഡിൽ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആണ് നോർവിച്ചിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റെങ്കിലും മുന്നേറ്റത്തിൽ ഊന്നിയ ജർമ്മൻ പരിശീലകന് കീഴിലുള്ള നോർവിച്ചിന്റെ പ്രകടനം പ്രതീക്ഷ നൽകുന്നത് ആണ്. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് യുവതാരം മാർക്കോ സ്റ്റിപ്പർമാൻ ലിവർപൂലിനെതിരെ ഗോൾ നേടിയ ടീമു പുക്കി എന്നിവർ അപകടകാരികൾ ആണ്. എന്നാൽ പുതിയ പരിശീലകൻ സ്റ്റീവ് ബ്രൂസിന് കീഴിൽ തോറ്റ് തുടങ്ങിയ ന്യൂകാസ്റ്റിൽ പുതിയ താളം കണ്ടത്താനുള്ള ശ്രമത്തിൽ ആണ്. റിച്ചി,ലാസലസ്, സ്‌കാർ തുടങ്ങിയവർ നയിക്കുന്ന പ്രതിരോധം റാഫ ബെനിറ്റസിന്റെ അഭാവത്തിൽ എത്രത്തോളം വിശ്വസിക്കാൻ ആവും എന്നത് തന്നെയാവും ന്യൂകാസ്റ്റിൽ നേരിടുന്ന പ്രധാന ചോദ്യം.

ഷെൽവി, ഹൈഡൻ എന്നിവർ മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കും എന്നു പ്രതീക്ഷിക്കാം. പുതിയ താരങ്ങൾ ആയ ആൽമിരോൻ റെക്കോർഡ് തുകക്ക് ടീമിൽ എത്തിയ ജോലിന്റോൻ, അലൻ സെയിന്റ് മാക്സിമിൻ എന്നിവരിൽ നിന്നാണ് ന്യൂകാസ്റ്റിൽ ഗോളുകൾ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത അലൻ സെയിന്റ് മാക്സിമിന്റെ ആദ്യമത്സരത്തിലെ പ്രകടനം പ്രതീക്ഷ നൽകുന്നു. മത്സരത്തിൽ എന്നാൽ ആരാധകരുടെ ശ്രദ്ധ മുൻ ന്യൂകാസ്റ്റിൽ ഗോൾ കീപ്പർ ടിം ക്രൂലിൽ ആവും. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെ മികച്ച സേവുകൾ നടത്തിയ ക്രൂൽ തന്റെ പഴയ ക്ലബിനെതിരെ നോർവിച്ചിനു ജയം സമ്മാനിക്കാനാവും ശ്രമിക്കുക. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വമ്പൻ തോൽവിക്ക് ശേഷം ശക്തമായ ഒരു തിരിച്ച് വരവ് ലക്ഷ്യമിട്ടാവും വെസ്റ്റ്ഹാം ബ്രൈറ്റനെ നേരിടാൻ ഇറങ്ങുക. എതിരില്ലാത്ത 5 ഗോളുകൾക്ക് തകർന്നെങ്കിലും പെല്ലഗ്രിനിക്കും സംഘത്തിനും ബ്രൈറ്റനെ തോല്പിക്കാനുള്ള എല്ലാ കെൽപ്പും ഉണ്ട്. ഫാബിയാൻസ്ക്കി ഗോൾവല കാക്കുന്ന വാൽബുന, ഡിയോപ്പ് തുടങ്ങിയവർ അടങ്ങിയ പ്രതിരോധം സിറ്റി മത്സരത്തിൽ കണ്ടപോലെ അത്ര മോശം ഒന്നുമല്ല.

ക്യാപ്റ്റൻ മാർക്ക് നോബിളും, ഇംഗ്ലീഷ് യുവതാരം റൈസും, ജാക്ക് വിൽഷെയറും അടങ്ങുന്ന മധ്യനിരയും മികച്ചത് തന്നെ. മുന്നേറ്റത്തിൽ ആവട്ടെ ഏതു വമ്പൻ ടീമിനും പോന്ന ഫിലിപ്പേ ആന്റേഴ്‌സൻ, ഫോർനാൽസ്, മാനുവൽ ലാൻസിനി, സെബാസ്റ്റ്യൻ ഹാളർ എന്നിവരും ഉണ്ട്. ഇവർ താളം കണ്ടത്തിയാൽ ഗോൾ കണ്ടത്താൻ വെസ്റ്റ് ഹാമിനു ഒരിക്കലും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല എന്നതാണ് സത്യം. മറുവശത്ത് ആവട്ടെ എതിരില്ലാത്ത 3 ഗോളുകൾക്ക് പുതിയ പരിശീലകനു കീഴിൽ വാട്ട്ഫോർഡിനെ തോൽപ്പിച്ച് തുടങ്ങിയ ആത്മവിശ്വാസവുമായാണ് ബ്രൈറ്റൻ കളത്തിൽ ഇറങ്ങുക. കഴിഞ്ഞ സീസണിന്റെ അവസാനം നടത്തിയ മോശം പ്രകടനം മറക്കുന്ന പ്രകടം ആണ് ബ്രൈറ്റൻ ആദ്യമത്സരത്തിൽ പുറത്തെടുത്തത്. ഡങ്ക്, ഡെഫി സഖ്യം നയിക്കുന്ന പ്രതിരോധം എന്നും പോരാട്ടത്തിന് തയ്യാറാണ്. ഗ്രോസും മാർച്ചും അടങ്ങുന്ന മധ്യനിര മികച്ച അവസരങ്ങൾ ഒരുക്കാൻ സാധിക്കുന്നവർ ആണ്. പരിചയസമ്പന്നനായ മുറെയെ പോലെ തന്നെ കിട്ടിയ അവസരങ്ങളിൽ ഗോൾ നേടാനുള്ള കഴിവ് മുന്നേറ്റത്തിൽ അന്റോനെക്കും ഉണ്ട്. അതിനാൽ തന്നെ സീസണിൽ ലഭിച്ച മികച്ച തുടക്കം തുടരാൻ ആവും ബ്രൈറ്റന്റെ ശ്രമം. ശനിയാഴ്ച ഇന്ത്യൻ സമയം 7.30 നാണ് ഇരു മത്സരങ്ങളും നടക്കുക. ഹോട്ട്സ്റ്റാറിൽ മത്സരങ്ങൾ തത്സമയം കാണാവുന്നതാണ്.

Advertisement