പ്രീമിയർ ലീഗിൽ ഇന്ന് നീലപ്പടകളുടെ പോരാട്ടം

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും നിർണ്ണായകമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തം ഗ്രൗണ്ടിൽ ചെൽസിയെ നേരിടും. ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ലിവർപൂളിന് വെല്ലുവിളി ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് വിജയം കൂടിയേ തീരു. അതെ സമയം നാലാം സ്ഥാനത്ത് നിൽക്കുന്ന യുണൈറ്റഡിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ചെൽസിക്കും വിജയം അനിവാര്യമാണ്.

ഇന്ന് ചെൽസിക്കെതിരെ ജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പട്ടികയിൽ ലിവർപൂളിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താം. ലിവർപൂളിനെക്കാൾ ഒരു മത്സരം കൂടുതൽ മാഞ്ചസ്റ്റർ സിറ്റി കളിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ലിവർപൂളിന് കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കാവും. പരിക്കിൽ നിന്ന് പൂർണമായി മുക്തനായി കെവിൻ ഡി ബ്രൂണെ കളിക്കുന്നതും സിറ്റിയെ ശക്തരാക്കും.

സ്ഥിരത കണ്ടെത്താൻ വിഷമിക്കുന്ന ചെൽസിക്ക് ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. മികച്ച ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ചെൽസിക്ക് വിജയം അനിവാര്യമാണ്. നേരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ തോൽവി ചെൽസിക്കെതിരെയായിരുന്നു. ഹിഗ്വയിനിന്റെ വരവും ചെൽസിക്ക് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിറങ്ങുമ്പോൾ ആത്മവിശ്വാസം നൽകും.

ഇന്ത്യൻ സമയം രാത്രി 9.30നാണ് മാഞ്ചസ്റ്റർ സിറ്റി – ചെൽസി പോരാട്ടം.

Advertisement