പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ലിവർപൂൾ തോറ്റിട്ട് ഇപ്പോൾ 41 മത്സരങ്ങൾ കടന്ന് പോയിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധകകൂട്ടത്തിന് മുന്നിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടു ക്ളോപ്പിന്റെ സംഘം. അതിനാൽ തന്നെ യൂറോപ്യൻ ജേതാക്കൾക്ക് തട കെട്ടാൻ ഉനയ് എമറെയുടെ പീരങ്കി പടക്കു ഒരുപാട് വിയർക്കേണ്ടി വരും. പ്രത്യേകിച്ച് കഴിഞ്ഞ കുറേ സീസണുകളിലായി ആൻഫീൽഡിൽ വമ്പൻ പരാജയമാണ് ആഴ്‌സണൽ ഏറ്റുവാങ്ങിയത് എന്നു കൂടി അറിയുമ്പോൾ. പ്രീമിയർ ലീഗിൽ രണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകൾ ആണ് ഇരു ടീമുകളും. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാൻ സാധിക്കും.
ഗോൾ കീപ്പർ ആലിസന്റെ അഭാവത്തിൽ അഡ്രിയാനെ എത്രത്തോളം വിശ്വസിക്കാൻ ആവും എന്ന ആശങ്ക ലിവർപൂളിനു ഉണ്ട് പ്രത്യേകിച്ച് കഴിഞ്ഞ കളിയിൽ അഡ്രിയാന്റെ അബദ്ധം സൗത്താംപ്ടനു എതിരെ ഗോൾ വഴങ്ങാൻ കാരണമായതിനാൽ തന്നെ. വൻ മതിൽ പോലെ വിർജിൽ വാൻ ഡെയ്ക്ക് നയിക്കുന്ന പ്രതിരോധത്തിൽ വി.വി.ഡിക്ക് കൂട്ടായി ജോ ഗോമസ് അല്ലെങ്കിൽ മാറ്റിപ്പ് ആയിരിക്കും ഇറങ്ങുക. ഇടത് ഭാഗത്ത് റോബർട്ട്സനും വലത് ഭാഗത്ത് അലക്‌സാണ്ടർ അർണോൾഡും സംഹാരഭാവം പുറത്തെടുത്താൽ ആഴ്‌സണൽ പ്രതിരോധം വിറക്കും. മധ്യനിരയിൽ ക്യാപ്റ്റൻ ഹെന്റേഴ്സൻ, ഫബീന്യോ, വൈനാൽഡൻ എന്നിവർ കളി ഭരിച്ചാൽ മത്സരത്തിൽ ഒപ്പമെത്താൻ ആഴ്സണലിന് എളുപ്പമാകില്ല. മുന്നേറ്റത്തിൽ എന്നത്തേയും പോലെ ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും അപകടകാരികൾ ആയ മൊ സലാ, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവർ അണിനിരക്കുമ്പോൾ അവരെ എങ്ങനെ പൂട്ടും എന്നത് തന്നെയാവും എമറെ നേരിടുന്ന വലിയ വെല്ലുവിളി. ആൻഫീൽഡിൽ കളിച്ച എല്ലാകളിയിലും ആഴ്‌സണലിന് എതിരെ ഗോൾ നേടിയിട്ടുണ്ട് മൂന്നു പേരും. മാനെക്കും, സലാഹിനും ആഴ്‌സണലിന് എതിരെ മികച്ച റെക്കോർഡ് ഉണ്ടെങ്കിലും ഫിർമിനോ ആവും ആഴ്‌സണലിന്റെ പേടിസ്വപ്നം. കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ ആഴ്‌സണലിന് എതിരെ ഹാട്രിക്ക് നേടിയ ഫിർമിനോക്ക് ഏറ്റവും പ്രിയപ്പെട്ട എതിരാളികൾ ആണ് ആഴ്‌സണൽ. ഇവർ കൂടാതെ പകരക്കാരനായി അപകടം വിതക്കാൻ കെൽപ്പുള്ള മുൻ ആഴ്സണൽ താരം അലക്സൻഡ്രോ ചെമ്പർലിൻ, ആദം ലല്ലാന, ശഖീരി ചാമ്പ്യൻസ് ലീഗ് ഹീറോ ഒറീഗി എന്നിവരും ലിവർപൂളിന് വലിയ കരുത്ത് പകരും.
മറുവശത്ത് മുന്നേറ്റത്തിൽ ലീഗിലെ തന്നെ മികച്ച താരങ്ങളെ അണിനിരത്തുന്ന ആഴ്‌സണലിന് പ്രശ്നം പ്രതിരോധം തന്നെയാണ്. ഗോൾ വല ലെനോ കാക്കുമ്പോൾ ലിവർപൂൾക്കെതിരെ ബാക്ക് 5 അല്ലെങ്കിൽ ബാക്ക് 4 ഇതിൽ ഏതു എമറെ ഉപയോഗിക്കും എന്നു പറയാൻ സാധിക്കില്ല. ബാക്ക് 5 കളിപ്പിച്ചാൽ കഴിഞ്ഞ മത്സരത്തിൽ ക്ലബിനായി അരങ്ങേറ്റം കുറിച്ച ഡേവിഡ് ലൂയിസ്, സോക്രട്ടീസ്, നാച്ചോ മോൺറിയാൽ എന്നിവർക്ക് ഒപ്പം വലത് വശത്ത് നൈൽസും ഇടത് കൊലാസിനാച്ചും ചേരും. ഇല്ലെങ്കിൽ കൊലാസിനാച്ചിനെ ബെഞ്ചിൽ ഇരുത്തി ബാക്ക് 4 കളിപ്പിക്കും. മധ്യനിരയിൽ അനുഭവസമ്പന്നനായ ശാക്ക തിരിച്ചെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ ശാക്ക, ഗന്റൂസി അല്ലെങ്കിൽ ശാക്ക, ടൊറെയ്റ സഖ്യം കളത്തിൽ ഇറങ്ങും. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ സെബാലയോസ് ടീമിൽ തുടരുമ്പോൾ യുവതാരങ്ങൾ ആയ വില്ലോക്ക്, നെൽസൻ എന്നിവർ ടീമിൽ തുടരുമോ അല്ല ഓസിൽ, മിക്കിത്യാരൻ എന്നിവരെ തിരിച്ച് കൊണ്ടുവരുമോ അല്ലെങ്കിൽ റെക്കോർഡ് തുകക്ക് ടീമിൽ എത്തിയ നിക്കോളാസ് പെപ്പക്ക് എമറെ ആദ്യ പതിനൊന്നിൽ അവസരം നൽകുമോ എന്നൊക്കെ കാത്തിരുന്ന് കാണാം. മുന്നേറ്റത്തിൽ ഒബമയാങ്, ലാക്കസെറ്റ എന്നിവരുടെ സാന്നിധ്യം ലിവർപൂൾ പ്രതിരോധം കരുതലോടെയാവും കാണുക. ഒബമയാങ്, ലാക്കസെറ്റ എന്നിവർക്ക് ഒപ്പം പെപ്പ കൂടിയിറങ്ങുന്ന ദിവസം കാത്തിരിക്കുന്ന ആഴ്‌സണൽ ആരാധകർ വലിയ കാര്യങ്ങൾ ആണ് ഇവർ 3 പേരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ലിവർപൂൾ ആധിപത്യം നേടുന്ന സ്ഥിരം കാഴ്ചയാവുമോ അല്ല ആഴ്‌സണലിന്റെ ശക്തിപ്രകടനം ആവുമോ ആൻഫീൽഡ് ഒരുക്കി വച്ചിരിക്കുന്നത് എന്നു നമുക്ക് കാത്തിരുന്നു കാണാം.