ആദ്യ ജയം തേടി വെസ്റ്റ് ഹാം, ആദ്യ പോയിന്റ് തേടി വാട്ട്ഫോർഡ്

- Advertisement -

പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യജയം തേടി മാനുവൽ പെല്ലഗ്രിനിയുടെ വെസ്റ്റ്ഹാം ഇന്ന് വാട്ട്ഫോർസിനെതിരെ. ആദ്യമത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തകർന്നടിഞ്ഞ അവർ കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റനോട് സമനില വഴങ്ങിയിരുന്നു. അതിനാൽ തന്നെ തങ്ങളുടെ ആദ്യജയം നേടി സീസണിൽ മികച്ച ഫോമിലേക്ക് ഉയരാൻ ആവും ഹാമേഴ്സിന്റെ ശ്രമം. ഫാബിയാനസ്ക്കി വളകാക്കുമ്പോൾ ഡിയോപ്പ്, ക്രസ്‌വൽ തുടങ്ങിയവർ അടങ്ങിയ പ്രതിരോധം അത്ര മികച്ച നിലയിലേക്ക് ഉയർന്നിട്ടില്ല എന്നത് വെസ്റ്റ്ഹാമിനു ആശങ്ക നൽകുന്നു. മധ്യനിരയിൽ ക്യാപ്റ്റൻ മാർക്ക് നോബിളിന്റെ അനുഭവസമ്പത്ത് മുതൽക്കൂട്ടാവുമ്പോൾ ഡക്ലൻ റൈസിന്റെ പ്രതിഭ മധ്യനിരയിൽ അവർക്ക് വലിയ മുൻതൂക്കം നൽകും, ഒപ്പം ജാക്ക് വിൽഷെയറും ഉണ്ട്. മുന്നേറ്റത്തിൽ സെബാസ്റ്റ്യൻ ഹാളർ, ഫിലിപ്പേ ആന്റെഴ്സൻ എന്നിവരുടെ പരിക്ക് വിനയാകും എങ്കിലും മാനുവൽ ലാൻസിനി, ഫോർനാലസ്, അന്റോണിയോ, സ്നോദ്ഗ്രാസ് എന്നിവരുടെ സാന്നിധ്യം നിർണായകമാണ്. ഒപ്പം ഹാളർക്ക് പകരം ഇറങ്ങുകയാണെങ്കിൽ ഹെർണാണ്ടസിന്റെ പ്രകടനം നിർണായകമാകും. കഴിഞ്ഞ കളിയിൽ ഗോൾ കണ്ടത്തിയിരുന്നു ചിച്ചാരിറ്റോ.

മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളും ബ്രൈറ്റൻ, എവർട്ടൻ ടീമുകളോട് തോറ്റു ജാവി ഗാർസിയയുടെ വാട്ട്ഫോർഡ്. കഴിഞ്ഞ സീസണിലെ അവസാനത്തിൽ തുടർന്ന മോശം ഫോമിൽ നിന്ന് കരകയറാൻ അതിനാൽ തന്നെ സ്വന്തം മൈതാനത്ത് ഇന്നൊരു ജയം തന്നെയാവും അവർ ലക്ഷ്യം വക്കുക. കബസലെ, മരിയപ്പ, ഹൊളബാസ്, കാത്ത്കാർട്ട് എന്നിവരടങ്ങിയ പ്രതിരോധത്തെ പ്രായം തളർത്തുന്നുണ്ട്. മധ്യനിരയിൽ ഡിക്കോറെ എങ്ങനെ കളിക്കും എന്നതാവും വാട്ട്ഫോർഡിന്റെ മത്സരത്തിൽ നിർണായകമാവുക. ഒപ്പം കളിക്കുകയാണെങ്കിൽ കപ്പോയുടെ അനുഭവസമ്പത്ത് അവർക്ക് ഉപയോഗിക്കാം. വെസ്റ്റ്ഹാം പ്രതിരോധം മറികടന്നു മുന്നേറ്റത്തിന് പന്ത് എത്തിക്കാൻ ജെറാർഡ് ഡലുഫയുടെ പ്രതിഭക്ക് ആയാൽ ക്യാപ്റ്റൻ ഡീനിക്ക് ഗോളുകൾ കണ്ടത്താൻ സാധിക്കും. കൂടാതെ ആന്ദ്ര ഗ്രേയ്, ഡാനി വെൽബക്ക് എന്നിവരുടെ സേവനവും അവർക്ക് ഉപയോഗപ്പെടുത്താം. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 നു വാട്ട്ഫോർഡ് മൈതാനത്ത് നടക്കുന്ന മത്സരം ഹോട്ട്സ്റ്റാറിൽ തത്സമയം കാണാൻ സാധിക്കും.

Advertisement