ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇതിനകം തരം താഴ്ത്തപ്പ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു വെസ്റ്റ് ഹാം യുണൈറ്റഡ്. യൂറോപ്പ ലീഗ് സെമിഫൈനലിൽ നേരിട്ട തോൽവിയുടെ നിരാശ ജയത്തോടെ അൽപ്പമെങ്കിലും മാറ്റാൻ അവർക്ക് ആയി. ആദ്യ പകുതിയിൽ 12, 48 മിനിറ്റുകളിൽ ഗോൾ കണ്ടത്തിയ സെയിദ് ബെൻഹ്രാമ, 30 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ അന്റോണിയോ എന്നിവർ വെസ്റ്റ് ഹാമിനു 3-0 ന്റെ മുൻതൂക്കം സമ്മാനിച്ചു. ജെറോഡ് ബോവന്റെ പാസിൽ നിന്നായിരുന്നു ബെൻഹ്രാമയുടെ രണ്ടു ഗോളുകളും പിറന്നത്.
രണ്ടാം പകുതിയിൽ സാം ബൈറാം ഒരു ഗോൾ മടക്കിയെങ്കിലും വാർ ആ ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ സോർസെന്റെ ഹാന്റ് ബോളിന് റഫറി പെനാൽട്ടി അനുവദിച്ചു. ഈ പെനാൽട്ടി ലക്ഷ്യം കണ്ട മാനുവൽ ലാൻസിനി വെസ്റ്റ് ഹാമിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയിച്ചു എങ്കിലും അന്റോണിയോ, ഡോസൻ, ബെൻഹ്രാമ എന്നിവർക്ക് പരിക്കേറ്റത് അവർക്ക് തിരിച്ചടിയായി. നിലവിൽ ലീഗിൽ തങ്ങളെക്കാൾ ഒരു മത്സരം അധികം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനു 3 പോയിന്റുകൾ പിറകിൽ ഏഴാം സ്ഥാനത്ത് ആണ് വെസ്റ്റ് ഹാം.