ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബേർൺലിക്ക് വമ്പൻ തിരിച്ചടി നൽകി ആസ്റ്റൺ വില്ല. ബേർൺലിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വില്ല തോൽപ്പിച്ചത്. തോൽവിയോടെ 16 സ്ഥാനത്ത് തുടരുന്ന ബേർൺലിക്ക് തരം താഴ്ത്തൽ ഭീഷണി ഇപ്പോഴും ഉണ്ട്. പൊരുതി നോക്കിയ ബേർൺലിയെ പക്ഷെ വില്ല തകർക്കുക ആയിരുന്നു. ആദ്യ പകുതിയിൽ ഏഴാം മിനിറ്റിൽ എമി ബുണ്ടെയയുടെ പാസിൽ നിന്നു ഡാനി ഇങ്സ് വില്ലക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് 31 മത്തെ മിനിറ്റിൽ ലൂകാസ് ഡീനിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബുണ്ടെയ വില്ലക്ക് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ജോൺ മക്വിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഒലി വാറ്റ്കിൻസ് വില്ല ജയം ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ എറിക് പീറ്റേഴ്‌സിന്റെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ മാക്‌സ്വൽ കോർണെ ആണ് ബേർൺലിക്ക് ആശ്വാസ ഗോൾ നേടി നൽകിയത്.
അതേസമയം പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ സീസൺ തന്നെ ഗംഭീരം ആക്കുകയാണ് ബ്രന്റ്ഫോർഡ്. സൗതാപ്റ്റണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത അവർ പന്ത്രണ്ടാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രന്റ്ഫോർഡ് മത്സരത്തിൽ ആധിപത്യം കണ്ടത്തി. പതിമൂന്നാം മിനിറ്റിൽ ഇവാൻ ടോണിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ജാൻസൺ അവർക്ക് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് തൊട്ടടുത്ത മിനിറ്റിൽ തന്നെ ക്രിസ്റ്റിയൻ എറിക്സന്റെ പാസിൽ നിന്നു യോൻ വിസ ബ്രന്റ്ഫോർഡിന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ 79 മത്തെ മിനിറ്റിൽ ക്രിസ്റ്റിയൻ നോർഗാർഡിന്റെ പാസിൽ നിന്നും ഗോൾ നേടിയ ക്രിസ്റ്റോഫർ അഗർ ആണ് ബ്രന്റ്ഫോർഡ് ജയം പൂർത്തിയാക്കിയത്. തോൽവിയോടെ 15 സ്ഥാനത്ത് നിൽക്കുകയാണ് സൗതാപ്റ്റൺ ഇപ്പോൾ.