പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനു എതിരായ സമനിലക്ക് പിന്നാലെ റഫറി ആന്റണി ടെയ്ലറിന് എതിരെയും റഫറിമാർക്ക് എതിരെയും വിമർശനവും ആയി ചെൽസി പരിശീലകൻ തോമസ് ടൂചൽ. മത്സരത്തിൽ ടോട്ടൻഹാം നേടിയ രണ്ടു ഗോളുകളും നൽകാൻ പാടില്ലാത്തത് ആണെന്ന് തുറന്നടിച്ച ജർമ്മൻ പരിശീലകൻ റഫറി ആന്റണി ടെയ്ലർ ഇനി ചെൽസി മത്സരങ്ങൾ നിയന്ത്രിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എന്നും തുറന്നടിച്ചു.
റഫറിയെ സഹായിക്കേണ്ട വാറും തങ്ങൾക്ക് എതിരായി തിരിഞ്ഞു എന്നു പരാതിപ്പെട്ട ടൂചൽ ചെൽസി അർഹിച്ച ജയം ആണ് റഫറിമാർ കാരണം നഷ്ടമായത് എന്നും കൂട്ടിച്ചേർത്തു. അതേസമയം ആന്റണി ടെയ്ലറിന് എതിരെ വലിയ പരാതികൾ ആണ് ചെൽസി ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉന്നയിക്കുന്നത്. എപ്പോഴും ചെൽസിക്ക് പ്രതികൂലമായി തീരുമാനങ്ങൾ എടുക്കുന്ന ആന്റണി ടെയ്ലറെ പ്രീമിയർ ലീഗ് റഫറിയിൽ നിന്നു മാറ്റണം എന്ന ഓൺലൈൻ നിവേദനത്തിൽ ഇത് വരെ പതിനായിരങ്ങൾ ആണ് ഒപ്പ് വച്ചത്.