ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ ഇന്ന് ആരഭിക്കും. കൊറോണ കാരണം വളരെ ചെറിയ ഇടവേള മാത്രമെ ഇത്തവണത്തെ ഫുട്ബോൾ സീസണുകൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണുകൾ പോലെ ഫുട്ബോൾ ആരാധകർക്ക് വലിയ കാത്തിരിപ്പുകൾ ഇത്തവണ വേണ്ടി വന്നില്ല. എങ്കിലും ഇടവേള ചെറുതായത് കൊണ്ട് താരങ്ങളുടെ ആരോഗ്യവും പ്രകടനവും ഒക്കെ എന്താകും എന്ന ആശങ്ക ഫുട്ബോൾ ലോകത്തിനുണ്ട്.
പ്രീമിയർ ലീഗിൽ ഇന്ന് ആദ്യ ദിവസം നാലു മത്സരങ്ങൾ ആണ് ഉള്ളത്. ഇന്ന് വൈകിട്ട് 5 മണിക്ക് ക്രേവൻ കോട്ടേജിൽ നടക്കുന്ന ഫുൾഹാമും ആഴ്സണലും തമ്മിലുള്ള പോരാട്ടത്തോടെയാകും ലീഗിന് തുടക്കമാവുക. ഫുൾഹാമിന്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് എങ്ങനെ ഉണ്ടാകും എന്ന് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നു. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസും സൗതാമ്പ്ടണും ആകും നേർക്കുനേർ വരിക.
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ അവരുടെ ആദ്യ മത്സരത്തിൽ ചാമ്പ്യഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിൽ എത്തുന്ന ലീഡ്സ് യുണൈറ്റഡിനെനേരിടും. രാത്രി 10 മണിക്ക് ആൻഫീൽഡിൽ വെച്ചാകും മത്സരം. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെയും നേരിടും.