നാലിൽ നാലും ജയിച്ച് ആസ്റ്റൻ വില്ല! ലെസ്റ്ററിനെ വീഴ്‌ത്തിയത് ബാർക്കിലിയുടെ ഇഞ്ച്വറി സമയത്തെ ഗോളിൽ!

20201019 022342

പ്രീമിയർ ലീഗിലെ തങ്ങളുടെ ഈ സീസണിലെ സ്വപ്നകുതിപ്പ് തുടർന്നു ആസ്റ്റൻ വില്ല. കളിച്ച എല്ലാ കളിയിലും ജയിച്ച്, കഴിഞ്ഞ കളിയിൽ ലിവർപൂളിനെ 7-2 നു തകർത്ത അവർ ഇത്തവണ വീഴ്‌ത്തിയത് ബ്രണ്ടൻ റോജേഴ്‌സിന്റെ കരുത്തർ ആയ ലെസ്റ്റർ സിറ്റിയെ. എതിരില്ലാത്ത ഒരു ഗോളിന് ആണ് കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വില്ല നിർണായക ജയം കണ്ടത്തിയത്. ഇതോടെ പ്രീമിയർ ലീഗിൽ നിലവിൽ കളിച്ച എല്ലാ മത്സരത്തിലും ജയിക്കാൻ ആയ ഏക ടീമായി വില്ല മാറി. വാർഡിയുടെ അഭാവത്തിൽ ഇറങ്ങിയ ലെസ്റ്ററും മികച്ച ഫോമിലായിരുന്ന വില്ലയും ഏതാണ്ട് സമാനമായ പ്രകടനം ആണ് പുറത്ത് എടുത്തത്.

സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ ചെൽസിയിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ വില്ലയിൽ എത്തിയ റോസ് ബാർക്കിലി ആണ് 91 മത്തെ മിനിറ്റിൽ വില്ലക്ക് ജയം സമ്മാനിച്ചത്‌. ജോൺ മക്വിൻ നൽകിയ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ അടിയിലൂടെ ആണ് ബാർക്കിലി വിജയഗോൾ കണ്ടത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് മുൻ എവർട്ടൺ താരം വില്ലക്ക് ആയി ഗോൾ നേടുന്നത്. ജയത്തോടെ വില്ല ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം ലെസ്റ്റർ സിറ്റി നാലാം സ്ഥാനത്ത് ആണ്. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഫുൾഹാം ഷെഫീൽഡ് മത്സരം 1-1 നു സമനിലയിൽ അവസാനിച്ചപ്പോൾ സമാനമായ ഫലം തന്നെയാണ് ക്രിസ്റ്റൽ പാലസ് ബ്രൈറ്റൻ മത്സരത്തിലും ഉണ്ടായത്.

Previous articleസ്പർസിനെ ഗോൾ മഴയിൽ മുക്കി ആഴ്സണൽ വനിതകൾ, മിയദെമക്ക് ഹാട്രിക്
Next articleവമ്പൻ ജയവുമായി റോമ, മൂന്നാം മത്സരത്തിലും തോറ്റ് ടോറിനോ