സ്പർസിനെ ഗോൾ മഴയിൽ മുക്കി ആഴ്സണൽ വനിതകൾ, മിയദെമക്ക് ഹാട്രിക്

20201019 020728 01

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ തങ്ങളുടെ മിന്നും പ്രകടനം തുടർന്ന് ആഴ്സണൽ വനിതകൾ. ബദ്ധവരികൾ ആയ ടോട്ടൻഹാം ഹോട്‌സ്പറിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് ഇന്ന് ആഴ്സണൽ തകർത്തത്. ഇതോടെ കളിച്ച അഞ്ചു കളികളിലും ജയം കണ്ട ആഴ്സണൽ വനിതകൾ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തി. ഇത് വരെ അഞ്ചു കളികളിൽ നിന്നു 29 ഗോളുകൾ അടിച്ച് കൂട്ടിയ അവർ സ്പർസിനെയും ഗോൾ മഴയിൽ മുക്കുക ആയിരുന്നു. ആഴ്സണലിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ വിവിയാന മിയദെമ, കാറ്റലിൻ ഫോർഡ് എന്നിവർക്ക് ഒപ്പം വാൻ ഡെ ഡോങ്കും മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത്.

നാലാം മിനിറ്റിൽ പ്രതിരോധനിര താരം കാറ്റി മകബെ ആണ് ആഴ്സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്‌. തുടർന്നു 7, 36, 41 മിനിറ്റുകളിൽ ഗോളുകൾ കണ്ടത്തി ഹാട്രിക് കണ്ടത്തിയ വിവിയാന മിയദെമ ടോട്ടൻഹാമിനെ അക്ഷരാർത്ഥത്തിൽ തകർത്തു. 15,64 മിനിറ്റുകളിൽ കാറ്റലിൻ ഫോർഡ് ആണ് ആഴ്സണലിന്റെ മറ്റ് ഗോളുകൾ നേടിയത്. 50 മത്തെ മിനിറ്റിൽ ലഭിച്ച ടോട്ടൻഹാമിനു ലഭിച്ച പെനാൽട്ടി ആഴ്സണൽ ഗോൾ കീപ്പർ രക്ഷിച്ചു. പെനാൽട്ടി നഷ്ടമാക്കിയ ലൂസിയ ലിയോൺ ആണ് 77 മത്തെ മിനിറ്റിൽ ടോട്ടൻഹാമിനായി ആശ്വാസ ഗോൾ നേടിയത്. ലീഗിൽ ആഴ്സണൽ വനിതകൾ ഒന്നാമതും ടോട്ടൻഹാം ഒമ്പതാം സ്ഥാനത്തും ആണ്.

Previous articleവീണ്ടുമൊരു കിരീടം കൂടി ഉയർത്തി റൂബ്ലേവ്, സെന്റ് പീറ്റേഴ്സ്ബർഗ് ഓപ്പണിൽ ജയം
Next articleനാലിൽ നാലും ജയിച്ച് ആസ്റ്റൻ വില്ല! ലെസ്റ്ററിനെ വീഴ്‌ത്തിയത് ബാർക്കിലിയുടെ ഇഞ്ച്വറി സമയത്തെ ഗോളിൽ!