ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാൻ ആഴ്‌സണൽ ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടും. നിലവിൽ നാലാം സ്ഥാനത്തുള്ള ആഴ്‌സണൽ ജയിച്ചാൽ മൂന്നാം സ്ഥാനക്കാരായ ചെൽസിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തും. അതേസമയം 17 സ്ഥാനക്കാരായ ലീഡ്സ് തരം താഴ്ത്തൽ ഭീഷണി നേരിടുകയാണ്. ലീഗിൽ നിലനിൽക്കാൻ ലീഡ്സിന് ജയം അനിവാര്യമാണ്. ലീഡ്സിന് എതിരെ മികച്ച റെക്കോർഡ് ആണ് ആഴ്‌സണലിന് ഉള്ളത്. പരിക്ക് മാറി മുൻ ലീഡ്സ് താരം ബെൻ വൈറ്റ് പ്രതിരോധത്തിൽ ഇറങ്ങുമോ എന്നത് ആണ് ആഴ്‌സണൽ ഉറ്റു നോക്കുന്ന കാര്യം. ഇല്ലെങ്കിൽ ഹോളിഡിങ്, ഗബ്രിയേൽ, ടാവാരസ്, ടോമിയാസു എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും.
മധ്യനിരയിൽ ശാക്ക, എൽനെനി എന്നിവർ അണിരക്കുമ്പോൾ ഒഡഗാർഡ്, സാക എന്നിവർക്ക് ഒപ്പം മാർട്ടിനെല്ലി അല്ലെങ്കിൽ സ്മിത് റോ ആയിരിക്കും ഇറങ്ങുക. മുന്നേറ്റത്തിൽ ക്യാപ്റ്റൻ ലാകസെറ്റ പകരക്കാരുടെ നിരയിൽ തന്നെ ആയിരിക്കും എന്നതിനാൽ മികവ് തുടരുന്ന എഡി എങ്കിത മുന്നേറ്റത്തിൽ ഇറങ്ങും. അതേസമയം പരിക്കുകൾ വലക്കുന്ന ലീഡ്സ് ജീവൻ മരണ പോരാട്ടത്തിന് ആണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇറങ്ങുക. പ്രതിരോധത്തിൽ പിഴവുകൾ വരുത്തുന്ന ലീഡ്സിന് അച്ചടക്കമില്ലായ്മയും പ്രശ്നം ആണ്. 94 മഞ്ഞ കാർഡുകൾ ഇതിനകം മേടിച്ച ലീഡ്സ് സസ്‌പെൻഷൻ കിട്ടിയ ജൂനിയർ ഫിർപോ ഇല്ലാതെയാണ് കളിക്കാൻ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഏറ്റ കനത്ത പരാജയത്തിൽ നിന്നു കരകയറാൻ ശ്രമിക്കുന്ന ലീഡ്സിന്റെ പ്രധാന പ്രതീക്ഷകൾ മുഴുവനും റഫീന്യോയിൽ ആണ്.