565 ദിവസങ്ങൾക്ക് ശേഷം ഫുട്ബോളിലേക്ക് തിരിച്ചുവന്ന് പീറ്റർ ചെക്ക്

സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച് 565 ദിവസങ്ങൾക്ക് ശേഷം ഫുട്ബാളിലേക്ക് തിരിച്ചുവന്ന മുൻ ചെൽസി ഗോൾ കീപ്പർ പീറ്റർ ചെക്ക്. ഇന്നലെ ടോട്ടൻഹാമിനെതിരെ നടന്ന പി.എൽ 2 മത്സരത്തിൽ കളിച്ചുകൊണ്ടാണ് പീറ്റർ ചെക്ക് ഫുട്ബോളിലേക്ക് തിരിച്ചുവന്നത്. 2019 മെയ് മാസത്തിൽ ആഴ്‌സണലിന് വേണ്ടിയാണ് പീറ്റർ ചെക്ക് അവസാനമായി കളിച്ചത്. തുടന്ന് 2019 ജൂണിൽ പീറ്റർ ചെക്ക് ചെൽസിയുടെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.

ഈ സീസണിന്റെ തുടക്കം മുതൽ പീറ്റർ ചെക്ക് ചെൽസി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. കൂടാതെ ചെൽസിയുടെ 25 അംഗ പ്രീമിയർ ലീഗ് ടീമിൽ എമെർജൻസി ഗോൾ കീപ്പറായി പീറ്റർ ചെക്കിനെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മത്സരത്തിൽ ടോട്ടൻഹാം നേടിയ ആദ്യ ഗോൾ പിറന്നത് പീറ്റർ ചെക്കിന്റെ പിഴവിൽ നിന്നായിരുന്നു. ആദ്യ പകുതിയിൽ 2-0 പിറകിൽ പോയിട്ടും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന ചെൽസി 3-2ന് മത്സരം ജയിക്കുകയും ചെയ്തു. ഡാർബി മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.