ആഴ്സണലിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക ആണ് തന്റെ ലക്ഷ്യം എന്നു ആഴ്സണലിന്റെ പുതിയ താരം ആയ തോമസ് പാർട്ടി. അത്ലറ്റികോ മാഡ്രിഡിൽ നിന്നു ട്രാൻസ്ഫർ ജാലകത്തിലെ അവസാന നിമിഷം ടീമിലെത്തിയ ഘാന താരം ആയ പാർട്ടി ആഴ്സണലിന് വലിയ ഉണർവ് നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയർ ലീഗിൽ കളിക്കുക എന്നത് വെല്ലുവിളി ആണെങ്കിലും അത്തരം ഒരു വെല്ലുവിളി ഏറ്റെടുക്കാൻ താൻ തയ്യാർ ആണെന്നും പാർട്ടി കൂട്ടിച്ചേർത്തു. ആഴ്സണൽ പോലൊരു കുടുംബത്തിൽ വരുന്നതിൽ തനിക്ക് സന്തോഷം ആണ് എന്നും പാർട്ടി പറഞ്ഞു. തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞ പാർട്ടി പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടേതും ടെക്നിക്കൽ ഡയറക്ടർ എഡുവിന്റെയും പദ്ധതിയിൽ വിശ്വാസം ഉണ്ടെന്നും കൂട്ടിച്ചേർത്തു.
പ്രീമിയർ ലീഗുമായി എത്രയും പെട്ടെന്ന് തനിക്ക് ഇണങ്ങി ചേരാൻ ആവുമെന്ന പ്രത്യാശ പങ്ക് വച്ച പാർട്ടി, ടീമിനായി എന്തും ചെയ്യാൻ താൻ തയ്യാർ ആണെന്നും പറഞ്ഞു. ഒബമയാങ്, ലകസെറ്റ തുടങ്ങിയ പുതിയ ടീമംഗങ്ങളും ആയി കളിക്കുന്നതിനു കാത്തിരിക്കുക ആണെന്നും പാർട്ടി കൂട്ടിച്ചേർത്തു. മുൻ ആഴ്സണൽ താരങ്ങൾക്ക് ആയുള്ള തന്റെ ഇഷ്ടവും പാർട്ടി ആഴ്സണലിൽ എത്തിയ ശേഷമുള്ള ആദ്യ അഭിമുഖത്തിൽ പങ്ക് വച്ചു. ഇയാൻ റൈറ്റ്, പാട്രിക് വിയേര, തിയറി ഒൻറി, റോബർട്ട് പിറസ്, ഡെന്നിസ് ബെർക്കാമ്പ് എന്നിവർ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ ആയിരുന്നു എന്നും ഘാന താരം പറഞ്ഞു. അടുത്ത ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ പാർട്ടി കളത്തിൽ ഇറങ്ങുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.