ഒലെയുടെ വീൽ ഊരി ആഴ്സ്ണൽ, മാഞ്ചസ്റ്ററിന്റെ കുതിപ്പ് എമിറേറ്റ്സിൽ നിന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒലെ അറ്റ് ദ വീൽ പാടാൻ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കായില്ല. ഇംഗ്ലീഷ് മണ്ണിലെ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപരാജിത കുതിപ്പിന് ആഴ്സണൽ അവസാനമിട്ടു. ഇന്ന് എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. എഫ് എ കപ്പിൽ തങ്ങളെ പുറത്താക്കിയതിനുള്ള പകവീട്ടൽ കൂടിയായി ആഴ്സണലിനിത്.

ഇന്ന് എമിറേറ്റ്സിൽ മികച്ച രീതിയിൽ കളിതുടങ്ങിയത് ആഴ്സണൽ ആയിരുന്നു. കളിയുടെ 12ആം മിനുട്ടിൽ ഷാക്കയിലൂടെ ആഴ്സണൽ ലീഡും എടുത്തു. ആഴ്സണൽ മിഡ്ഫീൽഡറിന്റെ സേവ് ചെയ്യാൻ പറ്റുമായിരുന്ന ഷോട്ടിന്റെ ദിശ കണക്കുകൂട്ടുന്നതിൽ ഡിഹയക്ക് തെറ്റുപറ്റിയതാണ് ആദ്യ ഗോളിൽ കലാശിച്ചത്. ആ ഗോളിന് ശേഷം ഉണർന്ന് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.

ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് ഷോട്ടുകൾ ആണ് പോസ്റ്റിൽ തട്ടി മടങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും യുണൈറ്റഡ് മികച്ചു നിന്നു. പക്ഷെ ലുകാകു ഇന്ന് നിറം മങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. മൂന്ന് സുവർണ്ണാവസരങ്ങളാണ് ലുകാകു ഇന്ന് നഷ്ടമാക്കിയത്. കളിയിൽ യുണൈറ്റഡ് തിരിച്ചുവരുമെന്ന് തോന്നിച്ച നിമിഷത്തിൽ ആഴ്സണലിന്റെ രണ്ടാം ഗോൾ വന്നു.

ഫ്രെഡ് ലകാസെറ്റയെ ഫൗൾ ചെയ്തതിന് വിധിച്ച പെനാൾട്ടി ആയിരുന്നു ആഴ്സണലിന് രണ്ടാം ഗോൾ നൽകിയത്. പെനാൾട്ടി എടുത്ത ഒബാമയങ് പന്ത് വലയിൽ എത്തിച്ചു. പിന്നീടൊരു തിരിച്ചുവരവ് യുണൈറ്റഡിന് ഉണ്ടായിരുന്നില്ല. മാർഷ്യലിനെയും യുവതാരമായ ഗ്രീൻവുഡിനെയും ഒക്കെ ഇറക്കി നോക്കി എങ്കിലും തിരിച്ചൊരു ഗോൾ വരെ‌ നേടാൻ യുണൈറ്റഡിനായില്ല.

സോൾഷ്യാർ ചുമതലയേറ്റ ശേഷമുള്ള യുണൈറ്റഡിന്റെ ലീഗിലെ ആദ്യ പരാജയമാണിത്. വിജയം ആഴണലിനെ നാലാം സ്ഥാനത്ത് എത്തിച്ചു. 60 പോയന്റാണ് ആഴ്സണലിന് ഉള്ളത്. അഞ്ചാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 58 പോയന്റും.