ഡബിളുമായി ഇസാക്ക്, സൂപ്പർ സബ്ബ് ആയി കുദുസ്; പോയിന്റ് പങ്കുവെച്ച് വെസ്റ്റ്ഹാമും ന്യൂകാസിലും

Nihal Basheer

20231008 201652
Download the Fanport app now!
Appstore Badge
Google Play Badge 1

മാറിമാറിഞ്ഞ ലീഡിനോടുവിൽ പകരക്കാരനായി എത്തിയ കുദുസ് 89ആം മിനിറ്റിൽ കുറിച്ച ഗോൾ മത്സരവിധി നിശ്ചയിച്ചപ്പോൾ പോയിന്റ് പങ്കു വെച്ച് വെസ്റ്റ്ഹാമും ന്യൂകാസിലും. ഇന്ന് വെസ്റ്റ്ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമടിച്ചു ടീമുകൾ പിരിയുകയായിരുന്നു. ന്യൂകാസിലിന് വേണ്ടി ഇസാക്ക് ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ വെസ്റ്റ്ഹാമിനായി സൗഷെക്കാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ വെസ്റ്റ്ഹാം ഏഴാമതും ന്യൂകാസിൽ എട്ടാമതുമാണ്.
20231008 201655
പന്തിന്മേൽ കൃത്യമായ ആധിപത്യം ഉണ്ടായിട്ടും മുന്നേറ്റങ്ങൾ ഒരുക്കിയെടുക്കാൻ ന്യൂകാസിൽ ആദ്യ പകുതിയിൽ നന്നേ വിഷമിച്ചു. എന്നാൽ ഇടക്കിടെയുള്ള വെസ്റ്റ് ഹാം കൗണ്ടറുകൾ ഗോൾ ഭീഷണി ഉയർത്തി കൊണ്ട് കടന്ന് പോയി. എട്ടാം മിനിറ്റിൽ തന്നെ തകർപ്പൻ ഒരു നീക്കത്തിൽ വെസ്റ്റ്ഹാം ലീഡ് എടുത്തു. പിച്ചിന്റെ മധ്യത്തിൽ ഇടത് ഭാഗത്ത് നിന്നായി പക്വെറ്റ ഉയർത്തി നൽകിയ ബോൾ അതിമനോഹരമായി നിയന്ത്രിച്ച് എമേഴ്സൻ ബോക്സിലേക്ക് കയറി. തടയാൻ കീപ്പർ നിക് പോപ്പ് സ്ഥാനം വിട്ടു കയറുക കൂടി ചെയ്തതോടെ പോസിറ്റിന് മുന്നിലേക്കായി നൽകിയ പാസ് വലയിലേക്ക് തിരിച്ചു വിടേണ്ട ഉത്തരവാദിത്വമേ സൗഷെക്കിന് ഉണ്ടായിരുന്നുള്ളൂ. ആൽമിറോണിന്റെ ഷോട്ട് അരെയോള കൈക്കലാക്കി. ട്രിപ്പിയറിന്റെ ക്രോസിൽ ബേണിന്റെ ഹേഡർ പോസ്റ്റിന് തൊട്ടിരുമി കടന്ന് പോയി. ഇടവേളക്ക് പിരിയുമ്പോൾ എഴുപത് ശതമാനത്തോളം ആയിരുന്നു ന്യൂകാസിലിന്റെ പോസഷൻ.

ആദ്യ പകുതിയിലെ പിഴവുകൾ ന്യൂകാസിൽ രണ്ടാം പകുതിയിൽ പരിഹരിച്ചു. 57ആം മിനിറ്റിൽ ഇസാക്ക് സമനില ഗോൾ നേടി. ട്രിപ്പിയറുടെ ഫ്രീകിക്ക് ക്ലിയർ ചെയ്യാനുള്ള വെസ്റ്റ്ഹാം ഡിഫെൻസിന്റെ ശ്രമം ഇസാക്കിന്റെ കാലുകളിൽ പതിച്ചപ്പോൾ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചും താരം വല കുലുക്കി. വെറും അഞ്ചു മിനിറ്റിനു ശേഷം ഇസാക്ക് തന്നെ ന്യൂകാസിലിന് ലീഡും സമ്മാനിച്ചു. ട്രിപ്പിയർ ബോക്സിനുള്ളിൽ നിന്നും ഉയർത്തി നൽകിയ ക്രോസ് ഇസാക്ക് വലയിലേക്ക് തട്ടിയിട്ടപ്പോൾ വെസ്റ്റ്ഹാം പ്രതിരോധം നോക്കി നിൽക്കുകയായിരുന്നു. ഇതോടെ ന്യൂകാസിൽ മത്സരത്തിൽ കൂടുതൽ ആധിപത്യം പുലർത്തി. ഇസാക്കിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. വാർഡ് പ്രോസിന്റെ ഫ്രീകിക്ക് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അവസാന നിമിഷങ്ങളിൽ തോൽവി ഒഴിവാക്കാൻ വെസ്റ്റ്ഹാം സമ്മർദ്ദം ശക്തമാക്കി. ഒടുവിൽ പകരക്കാരനായി എത്തിയ കുദുസ് തകർപ്പൻ ഒരു ഗോളിലൂടെ സ്‌കോർ തുല്യനിലയിൽ ആക്കി. വലത് വിങ്ങിൽ കൗഫൽ നൽകിയ പാസ് സ്വീകരിച്ചു ബോക്സിന് തൊട്ടു പുറത്തു നിന്നും താരം തൊടുത്ത തകർപ്പൻ ഒരു ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. കുദുസിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആയിരുന്നു ഇത്. പിറകെ വെസ്റ്റ്ഹാം ലീഡിന് തൊട്ടടുത്ത് എത്തിയെങ്കിലും ബൗവന്റെ ശ്രമം പോപ്പ് തട്ടിയകറ്റി. ഇതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.