ബേൺലിയേയും തകർത്ത് ന്യൂകാസിൽ; കോംപാനിക്കും സംഘത്തിനും വിജയം ഇനിയും അകലെ

Nihal Basheer

20230930 212128
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ പതറിയ തുടക്കത്തിന് ശേഷം വിജയവഴിയിൽ തിരിച്ചെത്തി ന്യൂകാസിൽ. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് പ്രിമിയർ ലീഗിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചിരിക്കുകയാണ് എഡി ഹോവും സംഘവും. ആൽമിറോൺ, ഇസാക്ക് എന്നിവർ ജേതാക്കൾക്ക് വേണ്ടി വല കുലുക്കി. ഇതോടെ പോയിന്റ് പട്ടികയിൽ എട്ടാമതാണ് ന്യൂകാസിൽ. ബേൺലി തരം താഴ്ത്തൽ മേഖലയിൽ തന്നെ തുടരുന്നു.
20230930 212131
ബേൺലോയുടെ മുന്നേറ്റങ്ങളോടെയാണ് സെന്റ് ജെയിംസ് പാർക്കിൽ മത്സരം ആരംഭിച്ചത്. നാലാം മിനിറ്റിൽ തന്നെ കൊലോഷോയുടെ പാസിൽ ആംദോനിക്ക് ലഭിച്ച മികച്ചൊരു അവസരം തടുത്തു കൊണ്ട് പോപ്പ് ന്യൂകാസിലിന്റെ രക്ഷക്കെത്തി. എന്നാൽ പെട്ടെന്ന് താളം വീണ്ടുടുത്തു കൊണ്ട് ആതിഥേയർ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇസാക്കിന്റെ ഷോട്ട് കീപ്പർ കൈക്കലാക്കി. 14ആം മിനിറ്റിൽ ന്യൂകാസിൽ വല കുലുക്കി. എതിർ താരത്തിൽ നിന്നും പന്ത് കൈക്കലാക്കിയ ട്രിപ്പിയർ ആൽമിറോണിന് പാസ് നൽകി. ഒന്ന് വെട്ടിയൊഴിഞ്ഞ ശേഷം താരം ബോക്സിന് പുറത്തു നിന്നും തൊടുത്ത മനോഹരമായ ഷോട്ട് വലയിൽ പതിച്ചു. ഗ്വിമിറസിന്റെ പാസിൽ നിന്നും ഇസാക്ക് സുവർണാവസരം മുതലെടുത്തില്ല. ആൻഡേഴ്‌സന്റെ ഡൈവിങ് ഹെഡർ മികച്ചൊരു സേവിലൂടെ ട്രാഫോർഡ് തട്ടിയകറ്റി. പിന്നീട് താരത്തിന്റെ ലോങ് റേഞ്ചറും കീപ്പർ തടുത്തു.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ന്യൂകാസിലിന്റെ സമ്പൂർണ ആധിപത്യം ആയിരുന്നു. ഒരു ഗോൾ കൂടി കണ്ടെത്തി മത്സരം പൂർണ്ണമായും തങ്ങളുടേതാക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോൾ മാത്രം അകന്ന് നിന്നു. ട്രിപ്പിയറുടെ മികച്ചൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇടക്ക് ജോയലിന്റൺ പരിക്കേറ്റ് കയറിയത് ടീമിന് തിരിച്ചടി ആയി. നിരവധി നീക്കങ്ങൾ ഫലം കാണാതെ പോകുന്നതിനിടെ 76ആം മിനിറ്റിൽ കാത്തിരുന്ന ഗോൾ എത്തി. ഗോർഡോനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇസാക്ക് അനായാസം വലയിൽ എത്തിച്ചു. അൽ ദാഖിലിന്റെ ഷോട്ട് നിക് പോപ്പ് സേവ് ചെയ്തു. പിന്നീടും ഒട്ടനവധി അവസരങ്ങൾ ന്യൂകാസിലിന് ലഭിച്ചെങ്കിലും സ്‌കോർ നില ഉയർത്താൻ മാത്രം ആയില്ല.