സൂപ്പർ മിറ്റോമ; അവസാന നിമിഷ ഗോളിൽ ബേൺമൗത്തിനെ വീഴ്ത്തി ബ്രൈറ്റൺ

Nihal Basheer

Screenshot 20230204 224303 Telegram X

ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ ഒന്നൊന്നായി പരാജയപ്പെട്ട്, സ്വന്തം തട്ടകത്തിൽ സമനില വഴങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ കാരോ മിറ്റോമ ഒരിക്കൽ കൂടി രക്ഷകനായി അവതരിച്ചപ്പോൾ ബ്രൈറ്റണിന് വിജയം. ബേൺമൗത്തുമായി ഇന്ന് നടന്ന മത്സരത്തിൽ അവസാന നിമിഷം നേടിയ ഏകപക്ഷീയമായ ഒരു ഗോൾ വിജയത്തോടെ അവർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മാർച്ച് ചെയ്തു. ബേൺമൗത്തിന്റെ പത്തൊൻപതാം സ്ഥാനത്തിന് മാറ്റമില്ല. അവസാന ഏഴു മത്സരങ്ങളിൽ നിന്നും മിറ്റോമയുടെ അഞ്ചാം ഗോൾ ആണിത്.

Screenshot 20230204 224317 Telegram X

രണ്ടാം മിനിറ്റിൽ തന്നെ ബേൺമൗത്ത് പൊസിറ്റിന് മുന്നിൽ ബ്രൈറ്റണിന്റെ ആക്രമണം എത്തുന്നത് കണ്ടാണ് മത്സരം ഉണർന്നത്. പിന്നീട് ഡെനിസ് ഉന്റാവിന്റെ ഷോട്ട് കീപ്പർ തടുത്തത് റീബൗണ്ട് വന്നതിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ചത് അവിശ്വസനീയമായി. ഒന്നാം പകുതിയിൽ മാത്രം മൂന്നോളം മികച്ച അവസരങ്ങൾ താരം നഷ്ടപ്പെടുത്തി. ഒട്ടാരയെ ഫൗൾ ചെയ്തതിന് ബേൺമൗത്ത് പെനാൽറ്റിക്ക് വേണ്ടി മുറവിളി കൂടിയെങ്കിലും റഫറി അനുവദിച്ചില്ല. മാർഷിന്റെ ക്രോസിൽ വെൽബാക്കിന്റെ ഹെഡറും കീപ്പറുടെ കൈകളിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ലഭിച്ച അവസരങ്ങൾ നഷ്ടപ്പാടുത്തുന്നത് കണ്ടതോടെ മത്സരം സമനിലയിൽ അവസാനിക്കും എന്നു തോന്നിച്ചയിടത്തു നിന്നാണ് ബ്രൈറ്റണിന്റെ ഗോൾ എത്തിയത്. അവസാന മിനിറ്റുകളിൽ സമ്മർദ്ദം ഉയർത്തിയ ബ്രൈറ്റണിന് വേണ്ടി, മിറ്റോമയുടെ ഷോട്ട് നെറ്റോ തടുത്തതിന് പിറകെയാണ് ഗോൾ അവസരം പിറന്നത്. എണ്പത്തിയേഴാം മിനിറ്റിൽ സാർമിയെന്റോയുടെ മികച്ചൊരു ക്രോസിൽ ഉയർന്ന് ചാടി മിറ്റോമ ഉതിർത്ത ഹെഡർ കീപ്പർക്ക് അവസരം നൽകാതെ വലയിൽ പതിക്കുകയായിരുന്നു. ഇതോടെ നിർണായ മൂന്ന് പോയിന്റുകളും ആതിഥേയർ സ്വന്തമാക്കി.