മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. ഇന്ന് ചെൽസിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സമനില മതിയായിരുന്നു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു കൊണ്ട് തന്നെ ടോപ് 4 ഉറപ്പിച്ചു. ഈ വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും യുണൈറ്റഡിനായി.
ഇന്ന് ആദ്യ പകുതിയിൽ ആറാ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. എറിക്സന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ കസെമിറോ ആണ് യുണൈറ്റഡഡിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര നല്ല ഫുട്ബോൾ അല്ല ആദ്യ പകുതിയിൽ കളിച്ചത്. ചെൽസി നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവസരങ്ങൾ ഒന്നും ചെൽസി മുതലെടുത്തില്ല.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാർഷ്യലിലൂടെ ലീഡ് ഇരട്ടിയാക്കി. കസെമിറോയുടെ മനോഹരമായ പാസിൽ ആരംഭിച്ച ആക്രമണം സാഞ്ചോയിലൂടെ മാർഷ്യലിൽ എത്തുകയും ഗോളായി മാറുകയുമായിരുന്നു.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ മൂന്നാം ഗോൾ വരാൻ സമയമെടുത്തു. അവസാനം 72ആം മിനുട്ടിൽ ബ്രൂണോ ഒരു പെനാൾട്ടി വിജയിക്കുകയും അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. സ്കോർ 3-0. 78ആം മിനുട്ടിൽ ഒരു ചെൽസി പിഴവിൽ നിന്ന് യുണൈറ്റഡിന്റെ നാലാം ഗോൾ വന്നു. ബ്രൂണോയുടെ പാസിൽ നിന്ന് മാർക്കസ് റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 4-0. റാഷ്ഫോർഡിന്റെ ഈ സീസണിലെ മുപ്പതാം ഗോളായിരുന്നു ഇത്. ഇതോടെ യുണൈറ്റഡിന്റെ വിജയം പൂർത്തിയായി. ചെൽസിക്കായി അവസാനം ജാവോ ഫെലിക്സ് ആണ് ആശ്വാസ ഗോൾ നേടിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 37 മത്സരങ്ങളിൽ നിന്ന് 72 പോയിന്റിൽ എത്തി. ന്യൂകാസിലിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു. ചെൽസിക്ക് ഈ പരാജയത്തോടെ 43 പോയിന്റുമായി 12ആം സ്ഥാനത്താണ്. ചെൽസിയുടെ ഈ പ്രീമിയർ ലീഗ് സീസണിലെ 16ആം പരാജയമാണിത്.