മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതം തുടരുന്നു, വീണ്ടും ജയമില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ എന്താകുമെന്നുള്ള സൂചനകൾ ഇപ്പോഴെ ലഭിക്കുകയാണ്‌‌. ഇന്ന് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കണ്ടെത്താൻ ആകാതെ കളി അവസാനിപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് സൗതാമ്പ്ടണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുടുക്കിയത്.

അവസാന ഇരുപത് മിനുട്ടുകളോളം 10 പേരുമായി കളിച്ചാണ് സൗതാമ്പ്ടൺ യുണൈറ്റഡിനെ തളച്ചത്. മത്സരം മികച്ച രീതിയിൽ തുടങ്ങിയ യുണൈറ്റഡ് ആദ്യ പത്ത് മിനുട്ടിനിടയിൽ തന്നെ മുന്നിൽ എത്തി. ഡാനിയൽ ജെയിംസിന്റെ സുന്ദര സ്ട്രൈക്കർ ആയിരുന്നു ലീഡ് നൽകിയത്. ജെയിംസിന്റെ മൂന്നാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

ആ ഗോളിനു ശേഷം ആദ്യ പകുതി മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നിയന്ത്രിച്ചു എങ്കിലും അത് മുതലാക്കി ഗോളുകൾ നേടാൻ ആയില്ല. ക്രിയേറ്റീവ് ആയ താരങ്ങൾ ഇല്ലാത്തതിന്റെയും ഗോളടിക്കാൻ കഴിവുള്ള താരങ്ങൾ ഇല്ലാത്തതും യുണൈറ്റഡിനെ അലട്ടുന്നത് ആണ് കളിയിൽ ഉടനീളം കണ്ടത്. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് സൗതാമ്പ്ടൺ തിരികെ വന്നു. വെസ്റ്റ് ഗാർഡിന്റെ ഹെഡറിലൂടെ സമനിലയും നേടി.

കളിയുടെ അവസാന മിനുട്ടുകളിൽ ചുവപ്പ് കാരണം സൗതാമ്പ്ടൺ പത്ത്പേരായി ചുരുങ്ങി എങ്കിലും അതൊന്നും യുണൈറ്റഡിന് മുതലെടുക്കാനായില്ല. മാർഷ്യലിന്റെ അഭാവത്തിൽ റാഷ്ഫോർഡ് നിറം മങ്ങിയതും യുണൈറ്റഡിന് തിരിച്ചടിയായി. അവസാനമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒരു എവേ മത്സ്രം വിജയിച്ചത്.